നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടാനൊരുങ്ങി അന്വേഷണ സംഘം. വിചാരണ കോടതിയെ അന്വേഷണ സംഘം നിലപാടറിയിക്കും. കേസില്‍ ബാലചന്ദ്രകുമാറിന്റെ മൊഴി ശരിയെന്നും അന്വേഷണ സംഘം വിലയിരുത്തി. കേസില്‍ വിഐപിയെന്ന് സ്ഥിരീകരിച്ച ശരജ് ജി നായര്‍ ഒളിവിലായതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ഗൂഡാലോചന കേസിലെ അന്വേഷണ വിശദാംശങ്ങളും ക്രൈംബ്രാഞ്ച് സംഘം നാളെ വിചാരണ കോടതിയെ അറിയിക്കും.

നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ദിലീപ് കണ്ടു എന്ന വെളിപ്പെടുത്തല്‍ സത്യമാണെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. ദൃശ്യങ്ങള്‍ ദിലീപ് കണ്ടുവെന്ന സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. പള്‍സര്‍ സുനിയെ ജയിലിലെത്തിയാകും ചോദ്യം ചെയ്യുക.

പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നില്ല. ആലുവ മജിസ്ട്രേറ്റിന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മൊഴി രേഖപ്പെടുത്തുന്നത് മാറ്റിവച്ചത്. തന്റെ ജീവന്‍ അപകടത്തിലായിരുന്നെന്നും ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് തനിക്കുനേരെ വധശ്രമം നടന്നതായും പള്‍സര്‍ സുനി തന്നോട് പറഞ്ഞതായി അമ്മ ശോഭന പറഞ്ഞിരുന്നു. 2018 മെയ് മാസത്തില്‍ അമ്മയ്ക്കെഴുതിയ കത്തിലാണ് സുനി ഇക്കാര്യം പറഞ്ഞത്. മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് 2018 മെയ് മാസം എഴുതിയ കത്ത് ഇപ്പോള്‍ പുറത്തുവിട്ടതെന്ന് അമ്മ ശോഭന പറഞ്ഞിരുന്നു. പ്രതി ദിലീപ് പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്ന് മകന്‍ പറഞ്ഞതായും അവര്‍ വെളുപ്പെടുത്തിയിരുന്നു.\

Read Also : പെൻഷൻ നൽകുന്നതിൽ അകാലമായ കാലതാമസം ഉണ്ടായിട്ടില്ല; കലാമണ്ഡലം ഗോപിയുടെ പരാതിയിൽ വിശദീകരണവുമായി മന്ത്രി സജിചെറിയാൻ

അതേസമയം ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ വ്യക്തി ശരത് ജി നായര്‍ എന്നയാളാണെന്ന് പൊലീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇയാളുടെ ആലുവയിലെ വസതിയില്‍ ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തിയിരുന്നെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല. ശരത് ഒളിവിലാണെന്നാണ് വിവരം.