ഇന്ത്യയിലെ വ്യവസായികളും വ്യാപാരികളും ഏറെ നേട്ടമുണ്ടാക്കുന്ന സമയമാണ് ഉത്സവകാലം. എന്നാൽ ഈ വർഷം വാഹന വിപണിയ്‌ക്ക് ഉത്സവകാലത്ത് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. കൂടാതെ കഴിഞ്ഞ വർഷത്തിനേക്കാൾ 27 ശതമാനം താഴ്ചയിലാണ് വാഹന വിപണി. ആഗോള തലത്തിൽ വാഹന നിർമ്മാതാക്കൾ നേരിടുന്ന സെമി കണ്ടക്ടറുകളുടെ ക്ഷാമത്തിനു ശേഷം വാഹന വിപണി വൻ ഇടിവിലാണ്. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ്(എസ്‌ഐഎഎം) ആണ് ഇക്കാര്യം പുറത്തുവിട്ടത്.

പാസഞ്ചർ വെഹിക്കിളുകളുടെ വിപണിയാണ് ഏറ്റവും കുറഞ്ഞത്. 2020നെ അപേക്ഷിച്ച് 27.15 ശതമാനം ഇടിവോടെ 2,26,352 വാഹനങ്ങളാണ് ഈ വർഷം വിൽക്കാൻ സാധിച്ചത്. 2020ൽ 3,10,694 വാഹനം വിറ്റിരുന്നു. ഇരു ചക്ര വാഹന വിപണിയിൽ വൻ ഇടിവാണുണ്ടായത്. ഒക്ടോബർ 2021ലെ കണക്കുകൾ പ്രകാരം 24.94 ശതമാനം ഇടിവോടെ 15,41,621 ഇരു ചക്ര വാഹനങ്ങൾ മാത്രമാണ് വിറ്റുപോയത്. കഴിഞ്ഞ വർഷം ഇത് 20,53,814 ആയിരുന്നു.

ഉത്സവ കാലത്ത് സ്‌കൂട്ടറുകളുടെ വിപണിയും കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കിയില്ല. 21 ശതമാനത്തിന്റെ ഇടിവോടെ 4,67,161 സ്‌കൂട്ടറുകളുടെ വിൽപ്പന മാത്രമാണ് ഈ വർഷം നടത്തിയത്. എന്നാൽ കഴിഞ്ഞ വർഷം ഇത് 5,90,507 ആയിരുന്നു. ഇവയ്‌ക്കു പുറമെ മുച്ചക്ര വാഹനങ്ങളുടെ വിപണിയിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. 19.07 ശതമാനം ഇടിവോടെ 31,774 മുച്ചക്ര വാഹനങ്ങൾ മാത്രമാണ് ഈ വർഷം വിറ്റത്. എന്നാൽ കഴിഞ്ഞ വർഷം ഇത് 26,684 ആയിരുന്നു.

ഇന്ത്യയിലെ മുഴുവൻ വാഹന വിപണിയിൽ ഇതോടെ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം 23,91,192 വാഹനങ്ങൾ വിറ്റ സ്ഥാനത്ത് ഈ വർഷം 17,99,750 വാഹനങ്ങൾ മാത്രമാണ് വിറ്റത്. ആഗോള തലത്തിൽ സെമികണ്ടക്ടർ ക്ഷാമം നേരിട്ട് വൻ പ്രതിസന്ധിയിലായിരുന്നപ്പോഴും ഉത്സവ വിപണിയായിരുന്നു നിർമ്മാതാക്കളുടെ പ്രതീക്ഷ. എന്നാൽ അവയെ തച്ചുടയ്‌ക്കുന്ന കണക്കുകളാണ് എസ്‌ഐഎഎം പുറത്ത് വിട്ടിരിക്കുന്നത്.