കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിക്കാത്ത ജനങ്ങൾക്ക് മാത്രമായി ലോക്ഡൗൺ ഏർപ്പെടുത്തി ഓസ്ട്രിയ. വൈറസിന്റെ പുതിയ വകഭേദത്തെ ചെറുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് രാജ്യം നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.

വാക്‌സിൻ സ്വീകരിച്ചിട്ടില്ലാത്ത ആളുകൾക്ക് മെഡിക്കൽ ആവശ്യങ്ങൾക്കും, മറ്റ് അത്യാവശ്യ കാര്യങ്ങൾ നിർവഹിക്കാനും മാത്രമെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കൂ. ഇത്തരത്തിൽ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്തവർ പൊതു ഇടങ്ങൾ സന്ദർശിച്ചാൽ ഏകദേശം 500 യൂറോ മുതൽ പിഴ അടക്കേണ്ടി വരുന്നതാണ്. പുതിയ നിയമങ്ങൾ ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് ഏകദേശം 3,000 യൂറോ മുതൽ പിഴ ചുമത്തും. നിയമങ്ങൾ ലംഘിച്ച് കൂട്ടത്തോടെ പുറത്തിറങ്ങുന്നവർക്ക് 30,000 യൂറോ ആണ് പിഴ.

നിരത്തിൽ ഇറങ്ങുന്നവരെല്ലാം പോലീസ് പരിശോധനയ്‌ക്ക് വിധേയരാണ്. കുത്തിവയ്പ്പ് സ്വീകരിച്ചവർക്ക് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെ വീടിന് പുറത്തിറങ്ങാൻ സാധിക്കില്ല. നവംബർ 24 വരെ പുതിയ നിയമങ്ങൾ നിലവിലുണ്ടാകുമെന്ന് ഓസ്ട്രിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതിനുശേഷം കൊറോണ വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തിയില്ലെങ്കിൽ നിയന്ത്രണങ്ങൾ നീട്ടുന്നതാണ്.

ഏകദേശം 65 ശതമാനം ജനങ്ങൾ മാത്രമാണ് രാജ്യത്ത് പൂർണമായും പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിച്ചത്. പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും താഴ്ന്ന കണക്കാണിതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഓസ്ട്രിയയുടെ വാക്‌സിനേഷൻ നിരക്ക് ഫ്രാൻസ്, ഇറ്റലി തുടങ്ങിയ അയൽരാജ്യങ്ങളേക്കാൾ വളരെ താഴെയാണ്. കിഴക്കൻ യൂറോപ്പിന്റെ ഭൂരിഭാഗവും വാക്‌സിനേഷനിൽ മുൻ നിരയിലാണ്. രാജ്യത്തിന്റെ ചില സംസ്ഥാനങ്ങളിൽ 43 ശതമാനം ആളുകൾ മാത്രമാണ് പൂർണമായും വാക്‌സിൻ സ്വീകരിച്ചത്.

കഴിഞ്ഞ ആഴ്ച യൂറോപ്പിലെ കൊറോണ രോഗികളുടെ എണ്ണം 2 മില്ല്യൺ കടന്നിരുന്നു. ഭൂഖണ്ഡത്തിലെ രാജ്യങ്ങളായ നെതർലാൻഡിലും ലാത്വിയയിലും ഇതിനു മുൻപ് തന്നെ നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നു. കൂടാതെ ജർമനിയിലും കൊറോണ നിയന്ത്രണങ്ങൾ കർശനമാക്കാനുള്ള നടപടികൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.