തിരുവനന്തപുരം | മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് അനാവശ്യ ഭീതി പരത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരം പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നിയമസഭയില്‍ സംസാരിക്കവേ മുഖ്യമന്ത്രി വ്യക്തമാക്കി. അണക്കെട്ടിന്റെ കാര്യത്തില്‍ ഇപ്പോള്‍ പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ല. ഇതിനു വിരുദ്ധമായി നിലവില്‍ സാമൂഹിക മാധ്യമങ്ങളില്‍ നടന്നുവരുന്ന പ്രചാരണങ്ങളെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു.

അതിനിടെ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഇന്ന് രാവിലെ ഏഴിന് അണക്കെട്ടിലെ ജലനിരപ്പ് 137.2 അടിയായെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. 138 അടിയിലെത്തിയാല്‍ രണ്ടാമത്തെ അറിയിപ്പ് നല്‍കും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമെങ്കില്‍ പെരിയാര്‍ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം പറഞ്ഞു.

ദേശീയ ദുരന്തനിവാരണ സേനയും റവന്യൂ സംഘവും സംയുക്തമായി മുല്ലപ്പെരിയാര്‍ അണക്കെട്ടിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ ബോധവത്കരണം നടത്തിയിരുന്നു. പെരിയാര്‍ തീരത്തുള്ളവരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായിരുന്നു ഇത്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 137 അടി കടന്നെങ്കിലും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മുന്‍ദിവസങ്ങളെ അപേക്ഷിച്ച്‌ ഡാമില്‍ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ മഴ ഒഴിഞ്ഞുനിന്നാല്‍ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയ പരമാവധി സംഭരണ ശേഷിയായ 142 അടിയിലേക്ക് എത്താന്‍ സാധ്യതയില്ല. അഥവാ ജലനിരപ്പ് ഉയര്‍ന്നാലും ആശങ്കപ്പെടേണ്ടതില്ലെന്ന് വ്യക്തമാക്കുന്ന തരത്തിലായിരുന്നു ബോധവത്കരണം.