പാലക്കാട്: നിര്‍ധനരോഗിക്കുള്ള ചികിത്സാധനസഹായ ഫണ്ടിന്റെ പേരില്‍ അനിധികൃത പിരിവ് നടത്തിയ നാല് മലപ്പുറംസ്വദേശികളെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കരുവാരക്കുണ്ട് സ്വദേശികളായ എലിപ്പാറ്റവീട്ടില്‍ ശിവദാസ് (44), പട്ടിക്കാടന്‍ വീട്ടില്‍ മുഹമ്മദ് ആരിഫ് (42), കുളത്തൂര്‍വീട്ടില്‍ സുബ്രഹ്മണ്യന്‍ (38), പാണ്ടിക്കാട് സ്വദേശിയായ ഡ്രൈവര്‍ തെച്ചിയോടന്‍ വീട്ടില്‍ സക്കീര്‍ (44) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

ഞായറാഴ്ച തിരുവിഴാംകുന്ന് കാപ്പുപറമ്ബ് ഭാഗത്തുനിന്നാണ് നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. സൈതലവി എന്നയാളുടെ പേരിലാണ് ഇവര്‍ പിരിവ് നടത്തിയിരുന്നത്. ഓട്ടോറിക്ഷയിലെത്തുന്ന സംഘം വീടുകളില്‍ ബക്കറ്റുമായി കയറി പിരിവ് നടത്തുകയും നോട്ടീസുകള്‍ വിതരണംചെയ്യുകയും ചെയ്യാറുണ്ടെന്നും കഴിഞ്ഞ മാസങ്ങളിലും ഇവര്‍ ഈ ഭാഗങ്ങളില്‍ വന്നിരുന്നതായും കാപ്പുപറമ്ബ് വാര്‍ഡംഗം അയിഷ വ്യക്തമാക്കി.

നോട്ടീസില്‍ രോഗിയുടെ വിവരങ്ങളും അക്കൗണ്ട് നമ്ബറും ഫോണ്‍നമ്ബറും മേല്‍വിലാസവും നല്‍കിയിരുന്നു. കൂടാതെ കരുവാരക്കുണ്ട് കേരള വാര്‍ഡ് മെമ്ബര്‍ ഹസീനയുടെ പേരും നമ്ബറും രേഖപ്പെടുത്തിയ രസീതും ഇവരുടെ കൈവശമുണ്ട്. സംശയംതോന്നിയതിനെത്തുടര്‍ന്ന് നാട്ടുകാരനായ ഷെമീര്‍ രസീതിലുള്ള മെമ്ബറുടെ നമ്ബറില്‍ വിളിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലാകുന്നത്. തുടര്‍ന്ന്, മണ്ണാര്‍ക്കാട് പോലീസിനെ വിവരമറിയിക്കയായിരുന്നു. നേരത്തേ ചികിത്സാസഹായത്തിനായി പണപ്പിരിവ് നടത്തിയിരുന്നു. പിന്നീട് ഇത് നിര്‍ത്തിയിരുന്നു. ആദ്യംപിരിച്ച പണത്തില്‍നിന്ന് രോഗിക്ക് ചെറിയസംഖ്യകൊടുത്തിരുന്നതായും പിന്നീട് ഒന്നും കൊടുത്തിട്ടില്ലെന്നും പോലീസ് പറയുന്നു .