വാഷിങ്ടണ്‍: കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളല്‍ ഗണ്യമായി കുറക്കാന്‍ സാധിച്ചില്ലെങ്കില്‍ 2500ഓടെ ഭൂമി മനുഷ്യന് അധിവസിക്കാന്‍ പ്രയാസമുള്ള ഇടമായി മാറുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. വര്‍ധിക്കുന്ന ആഗോളതാപനമാണ് വില്ലനാവുക. അമേരിക്കന്‍ മിഡ് വെസ്റ്റ് ട്രോപ്പിക്കല്‍ മേഖലയും ഇന്ത്യയും അങ്ങേയറ്റം ചൂടുകൂടിയ സ്ഥലങ്ങളായി മാറും. ആമസോണ്‍ മഴക്കാടുകള്‍ തരിശാകും. ഗ്ലോബല്‍ ചേഞ്ച് ബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച അന്താരാഷ്ട്രതലത്തിലെ ഒരുകൂട്ടം ശാസ്ത്രജ്ഞരുടെ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

നമ്മുടെ കുട്ടികളും പേരക്കുട്ടികളും ജീവിക്കാന്‍ പോകുന്ന ഒരു ഭൂമിയെ ഇന്ന് വിഭാവനം ചെയ്യാന്‍ കഴിയണമെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ഭൂമിയെ ജീവയോഗ്യമായി നിലനിര്‍ത്തുക എന്നുള്ളതാണ് നമുക്ക് ചെയ്യാനുള്ളത് .കാനഡയിലെ മക് ഗില്‍ സര്‍വകലാശാല ഗവേഷകയായ ക്രിസ്റ്റഫര്‍ ലിയോണ്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പാരീസ് ഉടമ്ബടിയിലെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിച്ചില്ലെങ്കില്‍, കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കാന്‍ കഴിയുന്നില്ലെങ്കില്‍, ലോകത്തെ നിരവധി മേഖലകളില്‍ പ്രവചനാതീതമായ മാറ്റങ്ങള്‍ സംഭവിക്കും.

ആഗോള താപന വര്‍ധനവ് രണ്ട് ഡിഗ്രി സെന്റിഗ്രേഡ് പരിധി ലംഘിക്കാന്‍ അനുവദിക്കരുത് എന്നതായിരുന്നു 2015ലെ പാരിസ് ഉടമ്ബടിയിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം. ഇത് കൈവരിക്കാന്‍ സാധിച്ചില്ലെങ്കില്‍ സസ്യജാലങ്ങളും കൃഷിയിടങ്ങളും ധ്രുവപ്രദേശങ്ങളിലേക്ക് ചുരുങ്ങും. ആമസോണ്‍ മഴക്കാടുകള്‍ പോലെ ജൈവ സമ്ബന്നതയും ചരിത്രവുമുള്ള മേഖലകള്‍ വരണ്ടുണങ്ങും. ജനസാന്ദ്രത കൂടുതലുള്ള ട്രോപ്പിക്കല്‍ മേഖലകളില്‍ ചൂട് മനുഷ്യ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തില്‍ വര്‍ധിക്കും. സമുദ്രനിരപ്പ് ഉയരുന്നതും ഭീഷണിയാകും.

നിലവിലെ പല കാലാവസ്ഥാ പ്രവചനങ്ങളും മുന്നറിയിപ്പുകളും 2100ന് അപ്പുറത്തെ കുറിച്ച്‌ പറയുന്നില്ലെന്ന് ക്രിസ്റ്റഫര്‍ ലിയോണ്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഇത് തീര്‍ത്തും ഹ്രസ്വമായ വീക്ഷണമാണ്. ഇന്ന് ജനിക്കുന്ന ഒരു കുട്ടി 2100ല്‍ അതിന്റെ 70കളില്‍ ജീവിക്കുകയാവും. എന്നാല്‍, അതിനപ്പുറമുള്ള തലമുറകളെയും നാം മുന്നില്‍ കാണണം -അവര്‍ വ്യക്തമാക്കി.