ന്യൂഡല്‍ഹി: നൂറ് കോടി വാക്സിനേഷനുകള്‍ എന്ന കടമ്പ മറികടന്ന ഇന്ത്യയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പ്രശംസിച്ച്‌ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ തെദ്രോസ് അദാനോം ഖെബ്രെയെസുസ്. ഇന്ത്യയിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനും വാക്സിനേഷന്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും വേണ്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ശാസ്ത്രജ്ഞരുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും ശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ എന്ന് തെദ്രോസ് ട്വീറ്റ് ചെയ്തു. ഇന്ത്യ നൂറ് കോടി വാക്സിനേഷനുകള്‍ പൂര്‍ത്തിയാക്കിയെന്ന് അറിയിച്ചു കൊണ്ടുള്ള മോദിയുടെ ട്വീറ്റ് ഷെയര്‍ ചെയ്തു കൊണ്ടാണ് ലോകാരോഗ്യ സംഘടനയുടെ തലവന്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ചത്.

 

 

ഇന്ന് രാവിലെയാണ് 100 കോടി വാക്സിനേഷനുകള്‍ എന്ന കടമ്ബ ഇന്ത്യ കടന്നത്. ഒന്‍പത് മാസം കൊണ്ടാണ് ഈ നേട്ടം രാജ്യം സ്വന്തമാക്കിയത്. ഇന്ത്യയില്‍ ഇതു വരെ 70 കോടി 68 ലക്ഷം പേര്‍ക്ക് ആദ്യ ഡോസും 29 കോടി 15 ലക്ഷം പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്‍കിയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ചരിത്ര നിമിഷത്തിന്റെ ഭാഗമായി വലിയ ആഘോഷ പരിപാടികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. രാജ്യത്തെ വിമാനങ്ങള്‍, കപ്പല്‍, ട്രെയിനുകളില്‍ എന്നിവിടങ്ങളില്‍ നൂറ് കോടി ഡോസ് വാക്സിന്‍ കടന്നതിന്റെ പ്രഖ്യാപനം നടത്തി. ബുധനാഴ്ച്ച വരെ 99.70 കോടി ഡോസുകളാണ് നല്‍കിയത്.