ജനീവ: ആഗോള ഉപരോധത്തിനിടയിലും ബാലസ്റ്റിക് മിസൈല്‍ പരീക്ഷിച്ച്‌ ഉത്തരകൊറിയ. ഈ മാസം നിരവധി മിസൈലുകളാണ് ഉത്തരകൊറിയ പരീക്ഷിച്ചത്. ജോ ബൈഡന്‍ യു എസ് പ്രസിഡന്റായി അധികാരമേറ്റശേഷം ആദ്യമായാണ് ഇത്രയും മാരകമായ ആയുധം ഉത്തരകൊറിയ പരീക്ഷിക്കുന്നത്.

ഉത്തരകൊറിയയുമായി ആണവ ചര്‍ച്ച പുനരാരംഭിക്കാന്‍ തയാറാണെന്ന് യു എസ് അറിയിച്ചതിന് പിന്നാലെയാണ് പരീക്ഷണം. കിഴക്കന്‍ തുറമുഖമായ സിന്‍പോയില്‍ നിന്നായിരുന്നു പരീക്ഷണം. മിസൈല്‍ ജപാന്‍ കടലില്‍ പതിച്ചതായും ദക്ഷിണ കൊറിയന്‍ സൈനികവൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, മിസൈല്‍ പരീക്ഷണത്തെ അമേരികയും യൂറോപ്യന്‍ രാജ്യങ്ങളും വിമര്‍ശിച്ചു. അടിയന്തര യു എന്‍ സുരക്ഷാ കൗണ്‍സില്‍ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് അമേരികയും ബ്രിടനും, ഫ്രാന്‍സും ഉത്തരകൊറിയക്കെതിരെ പ്രതികരിച്ചത്.

എന്നാല്‍, മേഖലയില്‍ അശാന്തി പടര്‍ത്തുന്നത് അമേരികയാണെന്നും ആയുധ പരീക്ഷണം ഉത്തരകൊറിയയുടെ പ്രതിരോധ മേഖലയ്ക്ക് അനിവാര്യമാണെന്നുമാണ് കിം ജോങ് ഉന്‍ പറഞ്ഞത്. ആയുധ നിര്‍മാണത്തില്‍ അമേരിക ഇരട്ടത്താപ്പ് തുടരുകയാണെന്നും ഉത്തരകൊറിയ തുറന്നടിച്ചു.

2019ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണല്‍ഡ് ട്രംപ് ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്നുമായി നടത്തിയിരുന്ന സമാധാന കരാര്‍ ലംഘിക്കപ്പെടതിനെ തുടര്‍ന്ന് പോങ്ങിയാങ്ങില്‍ നിന്ന് പലതവണ ആയുധ പരീക്ഷണ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പിന്നാലെ യു എന്‍ ഉപരോധം പ്രഖ്യാപിച്ചെങ്കിലും ഉത്തരകൊറിയ ബാലസ്റ്റിക് മിസൈല്‍ പരീക്ഷണം തുടര്‍ന്നുകൊണ്ടേയിരുന്നു.