ഉത്രയുടെ കൊലപാതക കേസിലെ പ്രതിയെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യുകയും സമയബന്ധിതമായി നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കുകയും ചെയ്ത നടപടി നമ്മുടെ നീതിന്യായ വ്യവസ്ഥിതിയുടെ കണിശമായ ജാഗ്രതയാണ് കാണിക്കുന്നതെന്ന് സംസ്ഥാന വനിത കമ്മീഷന്‍

ഇത്തരമൊരു ഹീനകൃത്യം നടന്ന ഉടനെ ശാസ്ത്രീയമായ പരിശോധനകള്‍ നടത്തി കേസ് കുറ്റമറ്റ രീതിയില്‍ തെളിയിക്കുന്നതിന് പൊലീസ് കാണിച്ച ജാഗ്രത അഭിനന്ദനാര്‍ഹമാണ്. കോവിഡ് വ്യാപന കാലഘട്ടമായിട്ടുപോലും സമയബന്ധിതമായ ദ്രുതഗതിയില്‍ അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കി കേസ് വിചാരണ ചെയ്യപ്പെടുന്നതിന് കഴിഞ്ഞു എന്നുള്ളത് കേരളത്തിലെ നിയമപാല നീതിനിര്‍വഹണ രംഗത്തിന്റെ ജാഗ്രതയാണ് കാണിക്കുന്നതെന്ന് വനിതാ കമ്മീഷന്‍ അറിയിച്ചു.

കേരളീയ സമൂഹം ഇന്നോളം കണ്ടിട്ടില്ലാത്തവിധം ക്രൂരത നിറഞ്ഞതായിരുന്നു ഉത്രയുടെ കൊലപാതകം. ഭിന്നശേഷിക്കാരിയായ ഒരു പെണ്‍കുട്ടിയെ പാമ്ബിനെ ഉപയോഗിച്ച്‌ പല ആവര്‍ത്തി കൊത്തിപ്പിക്കുകയും ഒടുവില്‍ അതിലൂടെ കൊലപ്പെടുത്തിയെന്നുമാണ് തെളിയുന്നതെന്ന് വനിതാ കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.

പ്രതി സൂരജ് കുറ്റക്കാരനാണെന്ന് കോടതി. ശിക്ഷാ വിധി മറ്റന്നാള്‍ പ്രഖ്യാപിക്കും. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജാണ് വിധി പ്രസ്താവിച്ചത്.