ബഹിരാകാശത്തേക്ക് സിനിമാ ചിത്രീകരണത്തിനായി റഷ്യന്‍ സംഘം.
ആദ്യ സിനിമ ചിത്രീകരിക്കാന്‍ റഷ്യന്‍ നടി യൂലിയ പെരെസില്‍ഡും സംവിധായകന്‍ ക്ലിം ഷിപെന്‍കോയും കാമറയുമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് പുറപ്പെട്ടു

.’ചലഞ്ച്’ എന്ന റഷ്യന്‍ ചിത്രത്തിന് വേണ്ടിയാണ് ഈ ദൗത്യം. ഹൃദയസംബന്ധമായ രോഗം ബാധിച്ച ബഹിരാകാശ സഞ്ചാരിയുടെ ജീവന്‍ രക്ഷിക്കാനായി പുറപ്പെടുന്ന ഒരു ഡോക്ടറുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.റഷ്യന്‍ സോയുസ് സ്‌പെയ്സ് ക്രാഫ്റ്റിലാണ് ഇവരുടെ യാത്ര. ബഹിരാകാശ സഞ്ചാരിയായ ആന്റണ്‍ ഷ്‌കപ്ലറേവും ഇവര്‍ക്കൊപ്പമുണ്ട്.

യാത്ര പുറപ്പെട്ടത് ഖസാഖിസ്ഥാനിലെ റഷ്യന്‍ സ്‌പെയ്സ് സെന്ററില്‍ നിന്നാണ്. ബഹിരാകാശത്ത് സുരക്ഷിതമായി ഇവര്‍ എത്തിച്ചേര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. പന്ത്രണ്ട് ദിവസത്തെ ചിത്രീകരണത്തിനുശേഷം സംഘം ഭൂമിയിലേക്ക് മടങ്ങും. ബഹിരാകാശ യാത്രയുടെ ഭാഗമായി നടിയും സംവിധായകനും കുറച്ച്‌ മാസങ്ങളായി കഠിനമായ പരിശീലനത്തിലായിരുന്നു. ഇതൊരു ചരിത്രസംഭവമാണെന്നാണ് യൂലിയ പറഞ്ഞത്. ആറുമാസമായി ബഹിരാകാശനിലയത്തില്‍ കഴിയുന്ന ഒലെഗ് നോവിറ്റ്സ്കിക്കൊപ്പമാകും നടിയും സംവിധായകനും ഭൂമിയിലേക്ക് തിരിച്ചെത്തുക.