പരാജിതരായ നായകന്മാര്‍ പിറക്കുന്നതിന് മുന്‍പ് മുന്‍വിധികളുടെ മുനയൊടിക്കുന്ന നായകനായി മലയാളിയുടെ പ്രിയപ്പെട്ടവനായി മാറിയ നടനാണ് നെടുമുടി വേണുവെന്ന് നടന്‍ ജോയ്‌ മാത്യു. ഫേസ്‌ബുക്കിലെ അനുസ്‌മരണക്കുറിപ്പിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. വെറുമൊരു നെടുമുടിക്കാരനല്ല നവരസങ്ങളുടെ കൊടുമുടിയാണെന്നും തന്നെ ചേര്‍ത്തുപിടിച്ച ആ സ്നേ‌ഹവായ്‌പ്പ് ഇനിയില്ലെന്നും ഗുരുവേ എന്ന് സ്നേഹ‌ബഹുമാനങ്ങളോടെ വിളിക്കാന്‍ വേണുവേട്ടന്‍ തനിക്കിനിയില്ലെന്നും പറഞ്ഞാണ് മലയാളത്തിന്റെ അതുല്യ നടന് ജോയ്‌ മാത്യു വിടപറയുന്നത്.

ജോയ്‌ മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂര്‍ണരൂപം ചുവടെ:

‘ഒരു വാതില്‍ മെല്ലെ തുറന്നടയുന്ന പോല്‍
കരിയില കൊഴിയുന്ന പോലെ
ഒരു മഞ്ഞുകട്ടയലിയുന്ന പോലെത്ര,
ലഘുവായ് ലളിതമായി നീ മറഞ്ഞുവരികില്ല നീയിരുള്‍ക്കയമായി
നീയെന്‍ ശവദാഹമാണെന്‍ മനസ്സില്‍ ‘
ലെനിന്‍ രാജേന്ദ്രന്റെ ‘വേനലി ‘ല്‍ വേണുച്ചേട്ടന്‍ പാടി അഭിനയിച്ച അയ്യപ്പപ്പണിക്കരുടെ ‘പകലുകള്‍ രാത്രികള്‍ ‘എന്ന കവിത കേരളത്തിലെ കാമ്ബസുകളെ ഉഴുതുമറിച്ചകാലം പൈങ്കിളിപ്പാട്ടുകളെ കടപുഴക്കിയ കവിതക്കാലം അതായിരുന്നു എന്റെ തലമുറയുടെ കാമ്ബസ് കാലം! പരാജിതരാവാത്ത നായകന്മാര്‍ പിറക്കുന്നതിന് മുന്‍പ് മുന്‍വിധികളുടെ മുനയൊടിക്കുന്ന നായകനായി മലയാളിയുടെ പ്രിയപ്പെട്ടവനായി മാറിയ സാധാരണക്കാരന്റെ നടന്‍ ഒരു വെറും നെടുമുടിക്കാരനെയല്ല നവരസങ്ങളുടെ കൊടുമുടിയാണ് പിന്നീട് പ്രേക്ഷകര്‍ കണ്ടത് എനിക്കാണെങ്കില്‍
പുസ്തകങ്ങളുടെ ചെങ്ങാതിയായ വേണുവേട്ടന്‍ ,തനത് നാടക പ്രവര്‍ത്തകനായ വേണുവേട്ടന്‍ ,കൊട്ടും പാട്ടും അറിയുന്ന അപൂര്‍വ്വനായ ചലച്ചിത്ര നടന്‍ ഈ നെടുമുടിക്കാരന്‍ ആടാത്ത വേഷങ്ങള്‍ അപൂര്‍വ്വം
ശൂന്യമായിപ്പോയല്ലോ അരങ്ങ് ,അതും ഇത്രപെട്ടെന്ന് ….
എന്നും എന്നെ ചേര്‍ത്തുപിടിച്ച ആ സ്‌നേഹവായ്പ് ഇനിയില്ല
ഗുരുവേ എന്ന് സ്‌നേഹബഹുമാനങ്ങളോടെ വിളിക്കാന്‍ എനിക്കിനി വേണുവേട്ടന്‍ ഇല്ല
വിട വേണുവേട്ടാ വിട !