ഭവാനിപൂരിലെ റോക്കോര്‍ഡ് ഭൂരിപക്ഷം നേടിയുള്ള വിജയത്തിന് ശേഷം പ്രതിപക്ഷ സഖ്യം ലക്ഷ്യമിട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. 2024ലെ സംയുക്ത പ്രതിപക്ഷ സഖ്യത്തിന്റെ നേതൃത്വം ലക്ഷ്യമിട്ടാണ് നീക്കങ്ങള്‍. മമത വീണ്ടും അടുത്ത മാസം ഡല്‍ഹിയിലെത്തും. സംയുക്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിക്കാനാണ് തീരുമാനം. പാര്‍ലമെന്റ് സമ്മേളനത്തിനുമുന്നോടിയായാണ് മമതാ ബാനര്‍ജിയുടെ നീക്കങ്ങള്‍.

പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം ശക്തമാക്കുക എന്ന വിഷയത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കളുമായും മമത ചര്‍ച്ചകള്‍ നടത്തും. കഴിഞ്ഞ ജൂലൈ 26നും മമത ഡല്‍ഹിയിലെത്തിയിരുന്നു. സോണിയാ ഗാന്ധി അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

ഭവാനിപൂരിലെ വിജയത്തിനു ശേഷം കൂടുതല്‍ ആത്മവിശ്വാസത്തിലാണ് മമത. 58,389 വോട്ടുകള്‍ക്കാണ് മമതാ ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ടിബ്രെവാളിനെ തോല്പിച്ചത്. ഭവാനിപ്പൂര്‍ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണിത്. മേയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് മണ്ഡലമായ ഭവാനിപൂര്‍ വിട്ട് നന്ദിഗ്രാമില്‍ അഭിമാനപ്പോരാട്ടത്തിനിറങ്ങിയ മമതയ്ക്കു പരാജയം നേരിടേണ്ടി വന്നിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയെ സുവേന്ദു അധികാരിക്കായിരുന്നു ഇവിടെ വിജയം. തുടര്‍ന്ന് മുഖ്യമന്ത്രിയായി അധികാരമേറ്റ മമത, തൃണമൂല്‍ കൃഷിമന്ത്രി ശോഭന്‍ദേബ് ചതോപാധ്യയെ രാജിവയ്പിച്ചാണ് ഭവാനിപൂരില്‍ മത്സരിച്ചത്.