കാനഡ: കാനഡയില്‍ വീട്ടുതടങ്കലിലായിരുന്ന ചൈനീസ് ടെക്ക് ഭീമനായ വാവേയുടെ ഉന്നത ഉദ്യോഗസ്ഥ മെങ് വാന്‍ഷോ മോചിതയായി. മൂന്ന് വര്‍ഷക്കാലം നീണ്ട ജയില്‍ വാസത്തിനൊടുവിലാണ് മെങിനെ കാനഡ മോചിപ്പിച്ചത്. ചൈനയില്‍ അറസ്റ്റിലായ രണ്ട് കാനഡ സ്വദേശികളെ വിട്ടയച്ചതിന് പകരമായാണ് മെങിനെ മോചിപ്പിച്ചത്. ശനിയാഴ്ച വൈകീട്ട് അവര്‍ ചൈനയില്‍ തിരിച്ചെത്തുകയും ചെയ്തു.

മെങ് അറസ്റ്റിലായതിന് തൊട്ടുപിന്നാലെ 2018 ല്‍ ചാരവൃത്തി കേസ് ആരോപിച്ചാണ് മൈക്കല്‍ സ്‌പേവര്‍, മൈക്കല്‍ കോവ്രിഗ് എന്നിവരെ ചൈന തടവില്‍ ആക്കിയത്. മെങിനെ അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമെന്നോണമായിരുന്നു ഈ അറസ്‌റ്റെന്ന് ആരോപണമുണ്ടെങ്കിലും ചൈന അത് നിഷേധിക്കുകയാണുണ്ടായത്.