കെ പി സി സി രാഷ്ട്രീയകാര്യ സമിതിയിലും അഴിച്ചുപണിക്ക് ധാരണ. ഇന്ന് ചേർന്ന മുതിർന്ന നേതാക്കളുടെ കൂടിക്കാഴ്ചയിലാണ് ധാരണയായത്.പുനഃസംഘടനയിൽ അഞ്ച് വ‍ര്‍ഷം ഭാരവാഹികളായവരെ പരിഗണിക്കേണ്ടതില്ലെന്നാണ് ധാരണ. നിലവിൽ ജനപ്രതിനിധികളായ നേതാക്കളേയും കെപിസിസി ഭാരവാഹിത്വത്തിൽ നിന്നും ഒഴിവാക്കും.

കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവ‍ര്‍ നടത്തിയ ച‍ര്‍ച്ചയിലാണ് മാനദണ്ഡം സംബന്ധിച്ച ധാരണയായത്. ഡിസിസി പുനസംഘടനയ്ക്ക് പിന്നാലെ പാ‍ര്‍ട്ടിയിലുണ്ടായ പ്രശ്നങ്ങൾ കാരണം വളരെ കരുതലോടെയാണ് കോണ്‍ഗ്രസ് നേതൃത്വം കെപിസിസി പുനഃസംഘടനയിലേക്ക് നീങ്ങുന്നത്.

ഇതിനിടെ കോൺഗ്രസിന്റെ പ്രവർത്തനത്തിൽ മാറ്റം വരുത്തുമെന്നും പ്രതിപക്ഷത്തെ കോൺഗ്രസ് അധികാരത്തിലുള്ളതിനേക്കാൾ ശക്തമാണെന്നും കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. ഒറ്റക്കെട്ടായി, ജനങ്ങളുമായി ചേർന്ന് നിൽക്കുന്ന പ്രവർത്തന ശൈലി സ്വീകരിക്കണം. ശത്രുക്കൾ വിള്ളൽ വീഴ്ത്തി ദുർബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. അത്തരം കെണിയിൽ കോൺഗ്രസ് പ്രവർത്തകർ വീഴരുതെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.