അറേബ്യയുടെ വ്യോമ പ്രതിരോധവും മിസൈല്‍ ആക്രമണ സംരക്ഷണവും ശക്തിപ്പെടുത്തുന്നതിനായി ഗ്രീസില്‍ നിന്നും മിസൈല്‍ പ്രതിരോധ സംവിധാനം. രണ്ട് പാട്രിയറ്റ് മിസൈല്‍ പ്രതിരോധ കവചവും ടെക്നീഷ്യന്‍മാരും ഗ്രീക്ക് വ്യോമസേനയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതാണ് സംവിധാനം എന്ന് ഗ്രീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്റഗ്രേറ്റഡ് എയര്‍ ആന്‍ഡ് മിസൈല്‍ ഡിഫന്‍സ് കോണ്‍സെപ്റ്റ് (IAMD) എന്ന അന്താരാഷ്ട്ര സംരംഭം നടപ്പിലാക്കുന്നതിന്റെ ഭാഗമാണിതെന്ന് ഗ്രീസ് സൈന്യമായ ഹെല്ലനിക് എം ഒ ഡി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

സഊദി അറേബ്യയിലെക്കുള്ള ഹെല്ലനിക് ഫോഴ്സിന്റെ പുറപ്പെടല്‍ ചടങ്ങ് തനഗ്ര എയര്‍ ബേസില്‍, ദേശീയ പ്രതിരോധ മന്ത്രി നിക്കോളാവോസ് പനാഗിയോടോപോലോസിന്റെ നേതൃത്വത്തില്‍ നടന്നു. സഊദി അറേബ്യയുടെ സേനയുമായി ചേര്‍ന്നുള്ള ഗ്രീക്ക് എയര്‍ഫോഴ്സിന് ഒരു പുതിയ പ്രവര്‍ത്തന പങ്കാളിത്തത്തില്‍ നിന്നുള്ള പ്രയോജനങ്ങള്‍ ഹെല്ലനിക് നാഷണല്‍ ഡിഫന്‍സ് ഫോഴ്സ് (എച്ച്‌എന്‍ഡിജിഎസ്) മേധാവി ജനറല്‍ കോണ്‍സ്റ്റാന്റിനോസ് ഫ്ലോറോസ് ചടങ്ങില്‍ വിശദീകരിച്ചു. കിഴക്കന്‍ മെഡിറ്ററേനിയനിലും മിഡില്‍ ഈസ്റ്റിലും സുരക്ഷയും സുസ്ഥിരതയും ഉറപ്പ് വരുത്തുന്നതിനു സഊദി അറേബ്യയിലെ പാട്രിയറ്റ് പീരങ്കിയുടെ ദൗത്യം സംഭാവന ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അടുത്തിടെ ‘ഫാല്‍ക്കണ്‍ ഐ I’, ‘ഫാല്‍ക്കണ്‍ ഐ II’ എന്നീ സൈനിക പരിശീനങ്ങളില്‍ സഊദി, ഗ്രീക്ക് സൈന്യങ്ങള്‍ സംയുക്തമായി പങ്കെടുത്തിരുന്നു. കൂടാതെ, സായുധസേനാ മേധാവികളുടെ സന്ദര്‍ശനവും ആദ്യമായി ഏഥന്‍സില്‍ ഒരു സഊദി ഡിഫന്‍സ് അറ്റാഷെയും റിയാദില്‍ ഒരു ഗ്രീക്ക് ഡിഫന്‍സ് അറ്റാഷെയും സ്ഥാപിക്കുകയും ചെയ്തിരുന്നു. സൈനിക സഹകരണ രംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതായിരുന്നു ഇവ. സഊദിക്കെതിരെ യമനിലെ ഹൂതി സൈന്യത്തില്‍ നിന്നുള്ള ആക്രമണം ശക്തമാകുകയും അമേരിക്ക സഊദിയില്‍ സ്ഥാപിച്ചിരുന്ന പാട്രിയേറ്റ് മിസൈലുകള്‍ പിന്‍വലിച്ചതായുള്ള വാര്‍ത്തകള്‍ വരികയും ചെയ്യുന്ന പശ്ചാത്തലത്തില്‍ സഊദി – ഗ്രീസ് സൈനിക സഖ്യം അതീവ പ്രാധാന്യമുണ്ടെന്നും ഗ്രീസിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.