വാഷിങ്ടൻ ഡി സി ∙ ഡെൽറ്റാ വേരിയന്റിന്റെ വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ യുഎസ് ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ പിൻവലിക്കുകയില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ വെളിപ്പെടുത്തി. വെള്ളിയാഴ്ച വിളിച്ചു ചേർത്ത സീനിയർ ലവൽ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുടെ യോഗത്തിന്റെ തീരുമാനം തിങ്കളാഴ്ചയാണ് വൈറ്റ് ഹൗസ് പുറത്തുവിട്ടത്.

2020 മുതൽ നിലവിൽ വന്ന യാത്രാ‌ നിയന്ത്രണങ്ങൾ തല്ക്കാലം പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ല. അമേരിക്കയിലും, മറ്റു രാജ്യങ്ങളിലും ഡെൽറ്റാ വേരിയന്റിന്റെ വ്യാപനം വർധിച്ചു വരുന്നു. പ്രത്യേകിച്ചു വാക്സിനേറ്റ് ചെയ്യാത്തവരിലാണ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്. അടുത്ത ആഴ്ചകളിൽ ഇതു വർധിക്കുന്നതിനാണ് സാധ്യതയെന്ന് വൈറ്റ് ഹൗസിനെ പ്രതിനിധീകരിച്ചു ജെൻസാക്കി അറിയിച്ചു.

‌യുഎസ് പൗരന്മാരല്ലാത്ത യാത്രക്കാർക്ക് യുകെ, യൂറോപ്യൻ രാജ്യങ്ങൾ, ചൈന, ഇന്ത്യ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കഴിഞ്ഞ 4 ദിവസം മുമ്പ് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ നിന്നും മെയ് മാസം മുതൽ തന്നെ യുഎസ് പൗരന്മാരല്ലാത്തവർക്ക് യാത്രാ അനുമതി നിഷേധിച്ചിരുന്നു.

യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ റോഷ്‍ലി വലൻസ്ക്കി വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഡെൽറ്റാ വേരിയന്റിന്റെ വ്യാപനം മുൻ ആഴ്ചയേക്കാൾ അമേരിക്കയിൽ 53 ശതമാനം വർധിച്ചുവന്നെന്ന് ചൂണ്ടികാണിച്ചിരുന്നു. ഇപ്പോൾ നിലനില്ക്കുന്ന യാത്രാ നിയന്ത്രണങ്ങൾ എന്ന് പിൻവലിക്കുമെന്നതിന് വൈറ്റ് ഹൗസ് വിശദീകരണം നൽകിയിട്ടില്ല.

പി. ആര്‍. ചെറിയാന്‍