ഇന്ത്യന്‍ വംശജയും യുവ സംരംഭകയുമായ ശ്രിനാ കുരാനി അമേരിക്കയുടെ പ്രതിനിധി സഭയിലേക്ക് മത്സരിക്കുന്നു. കാലിഫോ‌ര്‍ണിയയില്‍ നിലവിലെ പ്രതിനിധിയായ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ കെന്‍ കാല്‍വര്‍ട്ടിനെതിരെയാണ് ശ്രിനാ മത്സരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് കുടിയേറി അമേരിക്കയില്‍ സ്ഥിരതാമസക്കാരാക്കിയ ദമ്ബതികളുടെ മകളായ ശ്രിനാ അമേരിക്കന്‍ പൗരയാണ്. അടുത്ത വര്‍ഷം നവംബറിലാണ് കാലിഫോര്‍ണിയ തിരഞ്ഞെടുപ്പ് നടക്കുന്നത്.

“അമേരിക്കയിലേക്ക് കുടിയേറിയ ശേഷം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും എന്റെ മാതാപിതാക്കള്‍ തങ്ങളുടെ ജോലിയില്‍ നിന്നും ഇടവേള എടുത്തിട്ടില്ല. വളരെ കഷ്ടപ്പെട്ടാണ് അവര്‍ തങ്ങളുടെ ബിസിനസ് ഈ രാജ്യത്ത് കെട്ടിപ്പടുത്തിയത്.ഇന്നത്തെ കാലത്ത് നന്നായി ജീവിക്കാന്‍ അത്തരമൊരു പ്രയത്നം പോലും മതിയാവുന്നില്ല. എന്നിട്ടും കെന്‍ കാല്‍വര്‍ട്ടിനെ പോലുള്ള നേതാക്കന്മാര്‍ തങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനെകുറിച്ചല്ലാതെ മറ്റുള്ളവരെ കുറിച്ച്‌ ചിന്തിക്കുന്നതു പോലുമില്ല,” ശ്രിനാ കുറ്റപ്പെടുത്തി.

കഴിഞ്ഞ 28 വര്‍ഷമായി കാലിഫോര്‍ണിയയില്‍ നിന്നുള്ള റിപ്പബ്ളിക്കന്‍ പാര്‍ട്ടി പ്രതിനിധിയാണ് കെന്‍ കാല്‍വര്‍ട്ട്.

തന്റെ 16ാം വയസില്‍ ലാ സിയേര ഹൈസ്കൂളില്‍ നിന്ന് ബിരുദം സ്വന്തമാക്കിയ ശ്രിനാ മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ഉപരിപഠനത്തിനു ശേഷം മാലിന്യസംസ്കരണ രംഗത്ത് സ്വന്തമായി ബിസിനസ് നടത്തുകയാണ്. ഇന്ത്യന്‍ വംശജരായ നാലു പ്രതിനിധികള്‍ നിലവില്‍ അമേരിക്കന്‍ പാര്‍ലമെന്റിലുണ്ട്. ഡോ ആമി ബേര, റോ ഖന്ന, രാജ കൃഷ്ണമൂര്‍ത്തി, പ്രമീല ജയപാല്‍ എന്നിവരാണവര്‍.