ക്യൂബക്കെതിരെ വര്‍ഷങ്ങളായി തുടരുന്ന ഉപരോധത്തിന് പുറമെ പുതിയ വിലക്കുമായി യു എസ് ഭരണകൂടം. ജോ ബൈഡന്‍ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ക്യൂബന്‍ സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കുന്ന പുതിയ ഉപരോധം പ്രഖ്യാപിക്കുന്നത്. ക്യൂബന്‍ സുരക്ഷാ ഉദ്യോഗസ്ഥനും ആഭ്യന്തര മന്ത്രാലയ സേനയ്ക്കുമാണ് ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നത്. 78 വയസ്സുള്ള ക്യൂബന്‍ ഉദ്യോഗസ്ഥന്‍ അല്‍വാരോ ലോപസ് മിയറയാണ് പുതിയ ഉപരോധ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തി.

പ്രഖ്യാപനത്തോട് കടുത്ത വിയോജിപ്പുണ്ടെന്ന് ക്യൂബ അറിയിച്ചു. യു എസ് പ്രഖ്യാപനം തള്ളിയ ക്യൂബ നിയന്ത്രണങ്ങള്‍ വരുത്തേണ്ടത് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കും സേനയ്ക്കുമെതിരെയാണെന്ന് പ്രതികരിച്ചു. ഒരാഴ്ച മുമ്ബ് ക്യൂബന്‍ ഭരണകൂടത്തിനെതിരെ ജനം തെരുവിലിറങ്ങിയതിനെ യു എസ് സ്വാഗതം ചെയ്തിരുന്നു. മുന്‍ പ്രസിഡന്റ് ട്രംപ് സ്വീകരിച്ച അതേ സമീപനം ബൈഡനും തുടരുമെന്നാണ് പുതിയ പ്രഖ്യാപനത്തിലൂടെ വ്യക്തമാകുന്നത്.