കോട്ടയം: സ്ത്രീധനത്തിന്റെ പേരില്‍ യുവതികളെ കൊലയ്ക്ക് കൊടുക്കുന്ന നാടായി കേരളം മാറിയെന്ന് ഡബ്ല്യൂഎംസി കേരള കൗണ്‍സില്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ മോഹന്‍ പാലക്കാട്. വിദ്യാസമ്പന്നരെ കൊണ്ടു നിറഞ്ഞിരിക്കുന്ന സാംസ്‌കാരിക നായകന്മാരുടെ കേരളത്തിലാണിത് നടക്കുന്നത്. ഇതൊക്കെ ആണോ നമ്മുടെ അന്തസ്സ് സമൂഹത്തില്‍ ഉയര്‍ത്തുന്നത് എന്ന് എല്ലാവരും ഒരു നിമിഷം ചിന്തിക്കണമെന്ന് അദ്ദേഹം ചോദിച്ചു. ഇന്ന് കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന കള്ളക്കടത്തും, മയക്കുമരുന്നും ഒരു അന്തസ്സ് ആയി കൊണ്ടു നടക്കുന്നവര്‍ ഉണ്ട്. അതിനൊക്കെക്കാള്‍ എത്രയോ ലജ്ജിക്കേണ്ട ഒന്നാണ് കേരളീയ മലയാളി കുടുംബങ്ങളിലെ വിവാഹത്തോടനുബന്ധിച്ചു നടക്കുന്ന കച്ചവടം. അതു സ്ത്രീധനം എന്ന പേരില്‍. ഒരു കുഞ്ഞു ജനിച്ചാല്‍ അന്ന് തൊട്ടു ചിന്തിക്കും മാതാപിതാക്കള്‍ ഇവള്‍ക്ക് എന്തൊക്കെ കൊടുക്കണം വിവാഹത്തിന് എന്നു. പുരുഷനാണെങ്കില്‍ എന്തൊക്കെ ആവശ്യപ്പെടാം എന്നാണ്. അതില്‍ ജാതിയും, മതവും രാഷ്ട്രീയക്കാരും എല്ലാം ഒന്നാവുന്നു. കേരളത്തില്‍ ഒട്ടു മിക്ക ജില്ലകളിലും ഈ സമ്പ്രദായം കുറ്റകരമാണെന്നു അറിഞ്ഞിട്ടും നടക്കുന്നു.സ്ത്രീ ആണ് ധനം എന്നു ചിന്തിക്കേണ്ട കാലം നമുക്കിന്നും ദൂരെ ആണോ എന്ന് എല്ലാവരും പ്രതികരിക്കേണ്ട ഒരു വിഷയം അല്ലേ. ഈ വിഷയത്തില്‍ നമ്മള്‍ക്ക് എന്താണ് പറയാന്‍ ഉള്ളത്. എല്ലാവരും പ്രതികരിക്കണമെന്ന് ഡബ്ല്യൂഎംസി കേരള കൗണ്‍സില്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ മോഹന്‍ പാലക്കാട് ആവശ്യപ്പെട്ടു.