കോട്ടയം: ഇപ്പോള്‍ നടക്കുന്ന സ്ത്രീപീഡനത്തിന് എത്രയും വേഗം അറുതിയുണ്ടാവണമെന്ന് ഗ്ലോബല്‍ വുമന്‍സ് ഫോറം പ്രസിഡന്റ് രാജശ്രീ മേനോന്‍ ആവശ്യപ്പെട്ടു. ഇര ആയി അവള്‍ മരണപ്പെടുമ്പോഴോ അല്ലെങ്കില്‍ ഗുരുതരാവസ്ഥയില്‍ ആവുമ്പോഴോ മാത്രം അത് വാര്‍ത്തയാവുന്നു. കുറച്ച് ദിവസത്തേക്ക് മാധ്യമങ്ങള്‍ അത് ആഘോഷിക്കുന്നു. കാണികളെ സൃഷ്ടിക്കാന്‍ മാത്രം ശ്രമിക്കുന്ന അവര്‍ക്ക് അടുത്ത സെന്‍സേഷന്‍ വാര്‍ത്ത കിട്ടുമ്പോള്‍ ഇതു മറക്കുന്നു. എത്ര സ്ത്രീകള്‍ ഇങ്ങനെ വാര്‍ത്തയില്‍ വരാതെ ദുരിതം അനുഭവിക്കുന്നുണ്ട്. വീടിനുള്ളിലും പുറത്തും ഇന്നും ഒരുപാട് സ്ഥലങ്ങളില്‍ സ്ത്രീ അടിച്ചമര്‍ത്തപ്പെടുന്നു. നമ്മള്‍ പലതും അറിഞ്ഞാലും പ്രതികരിക്കില്ല കാരണം അത് നടക്കുന്നത് എന്റെ വീട്ടില്‍ അല്ല എന്ന ഒരു ധാരണയാണ് പലര്‍ക്കും. കൂടാതെ അഥവാ നമ്മള്‍ ഇടപെട്ടാല്‍ പിന്നീട് നമ്മള്‍ക്കുതന്നെ പ്രശ്‌നമായിപ്പോകുമോ എന്ന ഭയം.. പ്രതികരിക്കാന്‍ നോക്കി നമ്മള്‍ കുറ്റക്കാര്‍ ആവേണ്ടിവരുന്ന അവസ്ഥയാണ് ഒരുവിധം എല്ലായിടത്തും സംഭവിക്കുന്നത്. അങ്ങിനെ വരുമ്പോള്‍ നമുക്ക് പ്രതികരിക്കാന്‍ എല്ലാം വാര്‍ത്ത ആവണം.. അതാണ് ഇന്നത്തെ സ്ഥിതിയെന്ന് ഗ്ലോബല്‍ വുമന്‍സ് ഫോറം പ്രസിഡന്റ് രാജശ്രീ മേനോന്‍ പറഞ്ഞു.