​​തിരുവനന്തപുരം:കടയ്ക്കാവൂരില്‍ മകനെ അമ്മ പീഡിപ്പിച്ചെന്ന വാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടാത്ത മലയാളികളില്ല. കേട്ടതും പതിമൂന്ന് വയസുകാരന്‍ പറഞ്ഞതുമൊന്നും സത്യമായിരുന്നില്ലെന്നാണ് അന്വേഷണസംഘം ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അശ്ലീല വീഡിയോ കാണുന്നത് അച്ഛന്‍ കണ്ടുപിടിച്ചപ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാനായുള്ള പതിമൂന്ന് വയസുകാരന്‍റെ തന്ത്രമായിരുന്നു കേരളത്തെ നടുക്കിയ സംഭവത്തിന് കാരണം.

ശാസ്ത്രീയ പരിശോധനകള്‍ അടക്കം നടത്തിയതിന് പിന്നാലെയാണ് കുട്ടി അമ്മയ്ക്കെതിരെ നല്‍കിയ മൊഴി വിശ്വാസയോ​ഗ്യമല്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. അമ്മയുടെ മൊബൈലിലൂടെ കുട്ടി സ്ഥിരമായി അശ്ലീല വീഡിയോകള്‍ കാണാറുണ്ടായിരുന്നുവെന്നാണ് കൗണ്‍സിലിംഗില്‍ വ്യക്തമായത്. വിദേശത്ത് അച്ഛനൊപ്പം കഴിയുമ്ബോള്‍ കുട്ടി അശ്ലീലവിഡീയോ കാണുന്നത് കണ്ടുപിടിച്ചു. ഈ സമയം രക്ഷപ്പെടാന്‍ അമ്മ പീഡിപ്പിച്ചുവെന്ന പരാതി ഉന്നയിച്ചുവെന്നാണ് കണ്ടെത്തല്‍.

മകന്‍റെ വ്യാജ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒരു മാസം യുവതിക്ക് ജയിലില്‍ കിടക്കേണ്ടി വന്നു. ഹൈക്കോടതി അമ്മയ്ക്ക് ജാമ്യം അനുവദിച്ചപ്പോള്‍ ഒരു വനിത ഐ പി എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ തുടരന്വേഷണം നടത്താന്‍ കോടതി നിര്‍‍ദേശിച്ചു. ഡോ പി ദിവ്യ ഗോപിനാഥിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്‍റെ ആവശ്യപ്രകാരം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ ഷര്‍മ്മദിന്‍റെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു.

എട്ട് ഡോക്‌ടര്‍മാര്‍ അടങ്ങുന്ന സംഘം 12 ദിവസം ആശുപത്രിയില്‍ പാര്‍പ്പിച്ച്‌ കുട്ടിയെ പരിശോധിച്ചു. മാനസികാരോഗ്യ വിദ​ഗ്‌ദ്ധര്‍ ഉള്‍പ്പെടുന്ന സംഘമാണ് പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കിയത്. ശാസ്ത്രീയ പരിശോധനയില്‍ കുട്ടി പറയുന്നത് വിശ്വാസ യോഗ്യമല്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.

കേസിന് പിന്നില്‍ കുട്ടിയുടെ അച്ഛന് പങ്കുണ്ടെന്ന് അറസ്റ്റിലായ യുവതിയുടെ ബന്ധുക്കള്‍ പരാതി ഉന്നയിച്ചിരുന്നു. എന്നാല്‍ പരാതിക്ക് പിന്നില്‍ പരപ്രേരണയില്ലെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. കേസ് ആദ്യം അന്വേഷിച്ച കടയ്‌ക്കാവൂര്‍ പൊലീസിന് ജാഗ്രത കുറവുണ്ടായെന്ന ആക്ഷേപം നേരത്തെ ഉണ്ടായിരുന്നു. അത് ശരിവയ്‌ക്കുന്നതാണ് പ്രത്യേക സംഘത്തിന്‍റെ റിപ്പോര്‍ട്ട്.

കടയ്ക്കാവൂര്‍ സ്വദേശിയായ നാലു കുട്ടികളുടെ അമ്മയെ ഡിസംബറിലാണ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്‌തത്. അമ്മ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 13 വയസുകാരനായ രണ്ടാമത്തെ മകന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു അറസ്റ്റ്. അമ്മയ്ക്കെതിരായ പരാതി വ്യാജമാണെന്നായിരുന്നു യുവതിയുടെ ഇളയ മകന്‍റെ നിലപാട്. എന്നാല്‍ പീഡിപ്പിച്ചെന്ന അനിയന്‍റെ മൊഴിയില്‍ യുവതിയുടെ മൂത്തകുട്ടി ഉറച്ച്‌ നിന്നു.