മുംബൈ: ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയും മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും തമ്മിലുള്ള ‘പോര്’ അവസാനിക്കുന്നില്ല. ‘ജഡേജയ്ക്ക് ഇംഗ്ലിഷ് അറിയില്ല’ എന്ന മഞ്ജരേക്കറിന്റെ പരാമര്‍ശമാണ് പുതിയ പോര്‍മുഖം തുറന്നത്. ജഡേജയുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച്‌ ട്വിറ്ററില്‍ സന്ദേശമയച്ച ആരാധകന് നല്‍കിയ മറുപടിയിലാണ് ‘ജഡേജയ്ക്ക് ഇംഗ്ലിഷ് അറിയില്ല’ എന്ന മഞ്ജരേക്കറിന്റെ പരാമര്‍ശം. മഞ്ജരേക്കറിന്റെ ഈ പരാമര്‍ശത്തോട് ജഡേജ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സൂര്യ നാരായണ്‍ എന്ന ആരാധകനാണ് ട്വിറ്ററില്‍ മഞ്ജരേക്കര്‍ തനിക്ക് അയച്ച സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ പരസ്യമാക്കിയത്. ഏകദിന ലോകകപ്പിന്റെ സമയത്ത് മഞ്ജരേക്കര്‍ ജഡേജയെ ‘പൊട്ടും പൊടിയും മാത്രം അറിയുന്ന ക്രിക്കറ്റ് താരം’ എന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദീകരണത്തിലാണ് മഞ്ജരേക്കറിന്റെ വാക്കുകള്‍.

‘നിങ്ങളുടെ അവസ്ഥ പരിതാപകരമാണ്. നിങ്ങളേപ്പോലെ കളിക്കാരെ ആരാധിക്കാന്‍ എന്നെ കിട്ടില്ല. ഞാന്‍ ഒരു ക്രിക്കറ്റ് ആരാധകനല്ലെന്ന കാര്യം മറക്കരുത്. ഞാന്‍ ക്രിക്കറ്റിനെ വിശകലനം ചെയ്യുന്ന ആളാണ്. മാത്രമല്ല, ജഡേജയ്ക്ക് ഇംഗ്ലിഷ് അറിയില്ല. അതുകൊണ്ട് ‘പൊട്ടും പൊടിയും’ എന്നതുകൊണ്ട് ഞാന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായിട്ടുമില്ല. ‘വെര്‍ബല്‍ ‌ഡയറിയ’ എന്താണെന്ന് വല്ലവരും അദ്ദേഹത്തിന് പറഞ്ഞുകൊടുത്തതാകാനാണ് സാധ്യത’- മഞ്ജരേക്കര്‍ ആരാധകന് അയച്ച മറുപടിയില്‍ പറയുന്നു.

2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനിടെയാണ് രവീന്ദ്ര ജഡേജയെ ‘പൊട്ടും പൊടിയും’ മാത്രം അറിയാവുന്ന കളിക്കാരനെന്ന് മഞ്ജരേക്കര്‍ വിശേഷിപ്പിച്ചത്. ലോകകപ്പ് സെമിയില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ നേരിടുന്നതിന് മുന്നോടിയായിട്ടായിരുന്നു ഇത്. ഇതിന് ജഡേജ ട്വിറ്ററിലൂടെ തന്നെ ഉശിരന്‍ മറുപടി നല്‍കുകയും ചെയ്തു. പിന്നീട് സെമിയില്‍ ഇന്ത്യന്‍ നിരയില്‍ ഉജ്ജ്വല പ്രകടനവുമായി കളംനിറഞ്ഞും ജഡേജ മറുപടി നല്‍കി.