കൊവിഡിനെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വേണമെന്നും നിര്‍ദ്ദേശം

ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്മാര്‍ക്ക് വീടുകളിലെത്തി വാക്സിന്‍ നല്‍കാന്‍ കേന്ദ്രം തയാറായിരുന്നെങ്കില്‍ പ്രമുഖരടക്കം നിരവധിപ്പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് ബോംബെ ഹൈക്കോടതി. 75 മുകളില്‍ പ്രായമുള്ളവരോ, ഭിന്നശേഷിക്കാരോ, കിടപ്പുരോഗികളോ, വീല്‍ചെയറില്‍ കഴിയുന്നവരോ ആയ മുതിര്‍ന്ന പൗരന്മാര്‍ക്ക് വീടുകളിലെത്തി വാക്സിന്‍ നല്‍കണമെന്നാവശ്യപ്പെട്ട് അഭിഭാഷകരായ ധ്രുതി കപാഡിയ, കുനാല്‍ തിവാരി എന്നിവര്‍ നല്‍കിയ പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് ജി.എസ്. കുല്‍ക്കര്‍ണി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ അവ വൈകിയാണ് ജനങ്ങളിലേക്ക് എത്തുന്നത്. നിരവധി ജനങ്ങള്‍ക്ക് ജീവന്‍ വരെ നഷ്‌ടമാവുകയാണെന്ന് ബെഞ്ച് വ്യക്തമാക്കി. വീടുകള്‍ തോറുമുള്ള വാക്‌സിന്‍ വിതരണം പ്രാവര്‍ത്തികമല്ലെന്ന് കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പകരം വീടിന് ഏറ്റവും സമീപത്ത് വാക്സിന്‍ വിതരണ സൗകര്യം സജ്ജീകരിക്കുമെന്നും കേന്ദ്രം അറിയിച്ചിരുന്നു.

വേണ്ടത് സര്‍ജിക്കല്‍ സ്‌ട്രൈക്ക്

കൊവിഡിനെതിരെ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലെയാവണം. കൊവിഡ് വൈറസാണ് നമ്മുടെ ഏറ്റവും വലിയ ശത്രു. അതിനെ നാം നേരിടണം. ശത്രുക്കള്‍ ചിലയിടങ്ങളില്‍ തമ്ബടിച്ചിരിക്കുകയാണ്. ചിലര്‍ക്ക് അവിടെ നിന്ന് പുറത്തുവരാന്‍ കഴിയുന്നില്ല. നിങ്ങളുടെ (സര്‍ക്കാരിന്റെ) പോരാട്ടം സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലെയാവണം. നിങ്ങള്‍ അതിര്‍ത്തിയില്‍ നിന്നുകൊണ്ട് ശത്രു നിങ്ങള്‍ക്കരികിലേക്ക് വരാന്‍ കാത്തിരിക്കുകയാണ്. നിങ്ങള്‍ ശത്രുക്കളുടെ പാളയത്തിലേക്ക് കടന്നുചെല്ലുന്നില്ല.’ -ചീഫ് ജസ്റ്റിസ് ദത്ത പറഞ്ഞു.