എറണാകുളം ചെല്ലാനത്തെ രൂക്ഷമായ കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് പ്രദേശം സന്ദര്‍ശിച്ച് കളക്ടര്‍ എസ് സുഹാസ്. ഹൈബി ഈഡന്‍ എം പിയും കളക്ടര്‍ക്കൊപ്പം ദുരിത ബാധിത മേഖല സന്ദര്‍ശിച്ചു. അതേസമയം ചെല്ലാനത്ത് കടല്‍ ക്ഷോഭം വിലയിരുത്താനെത്തിയ കളക്ടര്‍ക്ക് നേരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.

മുന്‍വര്‍ഷങ്ങളിലെ പോലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാന്‍ തയാറല്ലെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ജനങ്ങളുടെ ജീവനാണ് വില നല്‍കുന്നതെന്നും കാര്യങ്ങള്‍ ബോധ്യപ്പെടുത്തി ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റാനാണ് തീരുമാനമെന്നും കളക്ടര്‍ വ്യക്തമാക്കി. കൊവിഡ് രൂക്ഷമായി നില്‍ക്കുന്ന സാഹചര്യത്തില്‍ വേണ്ട പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് എംപിയും വ്യക്തമാക്കി.

മഴ ശക്തി പ്രാപിച്ചതിന് പിന്നാലെയാണ് കടലേറ്റം രൂക്ഷമായത്. ചെല്ലാനത്ത് പതിവിലും നേരത്തെ തന്നെ കടലാക്രമണം തുടങ്ങിയിരുന്നു. നൂറിലധികം വീടുകളില്‍ വെള്ളം കയറുകയും നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനം കടന്ന ചെല്ലാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ദുര്‍ഘടമാണ്. കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും വേണ്ടി പ്രത്യേക ക്യാമ്പുകള്‍ തുറക്കാനാണ് ജില്ല ഭരണകൂടത്തിന്റെ തീരുമാനം.