കൊവിഡിനോട് പോരാടി മരണത്തോടടുത്തിരിക്കുന്ന അമ്മയ്ക്കുവേണ്ടി ആ മകൻ പാട്ടുപാടി, ഡോക്ടറുടെ ഫോണിലൂടെ.സമൂഹമാധ്യമങ്ങളിൽ കണ്ണുനിറയ്ക്കുകയാണ് ദില്ലിയിലെ ഡോക്ടറുടെ കുറിപ്പ്. ദിപ്ഷിഖ ഘോഷ് എന്ന ഡോക്ടറുടേതാണ് കുറിപ്പ്.

സം​ഗമിത്ര ചാറ്റ‍ർജിയെന്ന കൊവിഡ് രോ​ഗിയ്ക്കായി ഡോക്ടറായ ദിപ്ഷിഖ അവരുടെ ബന്ധുക്കളെ വീഡിയോ കോൾ ചെയ്തപ്പോഴാണ് മകൻ തന്റെ അമ്മയ്ക്കൊപ്പം അൽപ്പം സമയം അനുവദിക്കാൻ അപേക്ഷിച്ചത്. ദിപിഷിഖയുടെ അനുവാദത്തോടെ ആ മകൻ അമ്മയ്ക്കായി വീഡിയോ കോളിലൂടെ പാട്ടുപാടി.

തേരെ മുജ്സെ ഹെയ് പെഹ്ല കാ നാതാ കോയ് എന്ന ​ഗാനമാണ് ആ മകൻ പാടിയത്. വർഷങ്ങൾക്ക് മുമ്പ് പിരിഞ്ഞ അമ്മയും മകനും വീണ്ടും ഒന്നിക്കുന്ന ​രം​ഗമാണ് സിനിമയിൽ ഈ ​ഗാനത്തിനായി ചിത്രീകരിച്ചിരിക്കുന്നത്. മകൻ പാടുന്നത് അമ്മ കണ്ടുനിന്നു. നഴ്സമാർ അടക്കം നിശബ്ദരായി. പാടുന്നതിനിടയിലും അയാൾ തകർന്നുപോകുന്നുണ്ടായിരുന്നു. എന്നാലും അയാൾ പാടി അവസാനിപ്പിച്ചു. അധികം വൈകാതെ ആ അമ്മ മരണത്തിന് കീഴടങ്ങി. ഈ സംഭവം വിവരിച്ചുകൊണ്ട് ദിപിഷിഖ ഘോഷ് പങ്കുവച്ച ട്വീറ്റ് ഇപ്പോൾ ആയിരങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്.