മെയ് 12 മുതല്‍ 15 വരെ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന കാലാവസ്ഥാ കേന്ദ്രത്തിന്‍്റെ മുന്നറിയിപ്പ് പ്രകാരം എറണാകുളത്ത് ദുരിതാശ്വാസ ക്യാംപുകള്‍ ക്രമീകരിക്കുന്നതടക്കമുള്ള നടപടികള്‍ ആരംഭിക്കാന്‍ തീരുമാനമായതായി കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. വില്ലേജ് തലത്തില്‍ ക്യാംപുകള്‍ തുടങ്ങാനുള്ള സ്ഥലങ്ങള്‍ കണ്ടെത്താന്‍ നിര്‍ദ്ദേശം നല്‍കിയതായും പൊതു വിഭാഗം, മുതിര്‍ന്ന പൗരന്മാര്‍, കോവിഡ് രോഗലക്ഷണങ്ങളുള്ളവര്‍, കോവിഡ് ക്വാറന്‍്റെനിലുള്ളവര്‍ എന്നീ വിഭാഗങ്ങളായി തിരിച്ചാണ് ക്യാംപുകള്‍ ആരംഭിക്കുക. മെയ് 14, 15 തീയതികളില്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടലാക്രമണ സാധ്യത കൂടി കണക്കിലെടുത്ത് ചെല്ലാനം അടക്കമുള്ള തീരദേശ മേഖലയിലും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കി.

അവധിയില്‍ പോയിരിക്കുന്ന റവന്യൂ വകുപ്പ് ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കാനും നിര്‍ദേശിച്ചു. ചുഴലിക്കാറ്റ് മൂലം തീപിടിത്ത സാധ്യത കണക്കിലെടുത്ത് എല്ലാ ആശുപത്രികളിലും ഫയര്‍ ഓഡിറ്റ് അടിയന്തിരമായി പൂര്‍ത്തിയാക്കാനും നിര്‍ദേശിച്ചു. പഞ്ചായത്തുകള്‍ കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകരെ രംഗത്തിറക്കണം. ആംബുലന്‍സുകളുടെയും ഓക്സിജന്‍ ട്രക്കുകളുടെയും ഗതാഗതം സുഗമമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് ഇതര രോഗികളെ പ്രവേശിപ്പിക്കുന്നത് നിയന്ത്രിക്കും. ബിപിസിഎല്ലില്‍ ആദ്യഘട്ടത്തില്‍ സജ്ജമാക്കുന്ന 500 ഓക്സിജന്‍ ബെഡുകളിലേക്ക് വ്യാഴാഴ്ച മുതല്‍ രോഗികളെ പ്രവേശിപ്പിക്കും. 90 ആരോഗ്യ പ്രവര്‍ത്തകരെയും ഇവിടെ നിയമിച്ചു. ഇവര്‍ക്കുള്ള പരിശീലനം നടന്നു വരുന്നു. ആസ്റ്റര്‍ മെഡിസിറ്റിയുടെയും സണ്‍ റൈസ് ഹോസ്പിറ്റലിന്‍്റെയും നേതൃത്വത്തിലുള്ള 100 വീതം ഓക്സിജന്‍ ബെഡുകള്‍ ഒരാഴ്ചയ്ക്കകം സജ്ജമാകും. ഇതിനു പുറമേയുള്ള 1000 ബെഡുകളുടെ ഫീല്‍ഡ് ഹോസ്പിറ്റലിന്‍്റെ ടെന്‍്റ് വര്‍ക്കുകള്‍ ആരംഭിച്ചു. ബയോ ടോയ് ലെറ്റുകളും എത്തിച്ചിട്ടുണ്ട്. ഈ കേന്ദ്രം പ്രവര്‍ത്തനസജ്ജമാക്കുന്നതിന് 1000 ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ആവശ്യമാണ്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും ജീവനക്കാരെ വിന്യസിക്കുക. കാസ്പ് നിരക്കില്‍ ഇവിടെ രോഗികള്‍ക്ക് ചികിത്സ ലഭ്യമാകും. രോഗികളെ പ്രവേശിപ്പിക്കുന്നതിന്‍്റെ പൂര്‍ണ്ണ നിയന്ത്രണം ജില്ലാ ഭരണകൂടത്തിനായിരിക്കും. അഡ്ലക്സിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിന്‍്റെയും ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്. ഫ്ളോര്‍ പ്ലാന്‍ തയാറാക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.