സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും ഇടുക്കിയിലും വെള്ളിയാഴ്ച തിരുവനന്തപുരത്തും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത.

പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. കേരളാ- ലക്ഷദ്വീപ് തീരങ്ങളില്‍ അതിശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മണിക്കൂറില്‍ പരമാവധി 50 കിമി വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശിയേക്കുമെന്നാണ് മുന്നറിയിപ്പ്.

കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദേശം. അതേ സമയം മെയ് 14 ഓടെതെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടൈന്നും തുടര്‍ന്നുള്ള മണിക്കൂറില്‍ ന്യൂനമര്‍ദം ശക്തി പ്രാപിച്ചേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.