ലോകം മുഴുവന്‍ ഭീതി പടര്‍ത്തി കൊറോണ വൈറസ് വ്യാപിച്ചപ്പോള്‍ അതിന്‍റെ പ്രതിരോധത്തില്‍ ഏറ്റവും നന്നായി പ്രവര്‍ത്തിച്ച ഒരു രാജ്യമാണ് ഇന്ത്യയെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. മറ്റ് രാജ്യങ്ങളെക്കാള്‍ ഇന്ത്യയില്‍ ജനസംഖ്യ വളരെ കൂടുതലാണ്. എന്നിട്ടും ഇന്ത്യയുടെ പ്രവര്‍ത്തനമാണ് ലോകത്തെ മഹാമാരിയില്‍ നിന്നും രക്ഷിക്കുന്നതിന് ഏറ്റവും പ്രാപ്തമായതെന്ന് നിരവധി വിദഗ്ദ്ധര്‍ പറഞ്ഞതായും ടി പി സെന്‍കുമാര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണരൂപം……………………………….

വൂഹാന്‍ വൈറസ് – രണ്ടാം തരംഗം – സുതാര്യത

1. 2019 അവസാനം ചൈന ലോകത്തിനു സമ്മാനിച്ച വുഹാനിലെ കൊറോണ വൈറസ് ലോകം മുഴുവന്‍ വ്യാപിച്ചപ്പോള്‍ അതിന്‍റെ പ്രതിരോധത്തില്‍ ഏറ്റവും നന്നായി പ്രവര്‍ത്തിച്ച ഒരു രാജ്യമാണ് ഇന്‍ഡ്യ. ഇന്‍ഡ്യയിലെ ജനസംഖ്യ അതിഭീമമാണ്. (അമേരിക്കയും മുഴുവന്‍ യൂറോപ്യന്‍ രാജ്യങ്ങളും ചേര്‍ന്നതിന്‍റെ ഇരട്ടിയാണ് ഇന്‍ഡ്യയിലെ ജനസംഖ്യ. ജനസംഖ്യാ നിയന്ത്രണങ്ങള്‍ കൊണ്ട് ഇന്‍ഡ്യക്കുണ്ടാകുന്ന നേട്ടം!) പിപിഇ കിറ്റ് നിര്‍മ്മാണം, മാസ്ക്ക് നിര്‍മ്മാണം മുതല്‍ ആദ്യമായി ഇന്‍ഡ്യയില്‍ ഒരു വാക്സീന്‍ കണ്ടുപിടിച്ചു നിര്‍മ്മിക്കുന്നതുവരെ ഇന്‍ഡ്യ വലിയ കാര്യങ്ങളാണ് ചെയ്തത്. ഇന്‍ഡ്യയുടെ പ്രവര്‍ത്തനമാണ് ലോകത്തെ മഹാമാരിയില്‍ നിന്നും രക്ഷിക്കുന്നതിന് ഏറ്റവും പ്രാപ്തമായതെന്ന് നിരവധി വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 87 രാജ്യങ്ങള്‍ക്കാണ് ഇന്‍ഡ്യയില്‍ നിന്നുള്ള വാക്സീന്‍ പ്രയോജനപ്പെട്ടത്. നാല് സംസ്ഥാനങ്ങളിലെയും പോണ്ടിച്ചേരിയിലെയും തിരെഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്ബോഴൊന്നും തല്ക്കാലത്തേയ്ക്ക് പ്രസിഡണ്ട് ഭരണം മതി, തിരെഞ്ഞെടുപ്പ് ആറ് മാസത്തേക്കോ, ഒരു വര്‍ഷത്തേക്കോ നീട്ടി വെയ്ക്കണമെന്ന് ആരും ആവശ്യപ്പെട്ടതായി കണ്ടിരുന്നില്ല. ലോകത്ത് മറ്റൊരു രാജ്യത്തും ഉണ്ടാകാത്തത്രയും അധികം ഓക്സിജന്‍റെ ആവശ്യം ഇന്‍ഡ്യയില്‍ വേണ്ടി വരുമെന്ന പ്രവചനങ്ങളും എവിടെയും കണ്ടിരുന്നില്ല. അതോടൊപ്പം കോവിഡിന്‍റെ ഒന്നാം തരംഗം കഴിഞ്ഞ് പല തലങ്ങളിലും അലസത ഉണ്ടായി എന്നുള്ളത് നിഷേധിക്കാനാവാത്ത സത്യമാണ്.

ഇക്കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്ന വിദഗ്ദ്ധ സമിതികള്‍ക്ക് എവിടെയാണ്, ഏത് തലത്തിലാണ് അലസത ബാധിച്ചതെന്ന് കണ്ടെത്തേണ്ടതുണ്ട്. ഇതൊക്കെയാണെങ്കിലും ലോകത്ത് മറ്റൊരു രാജ്യത്തും നടക്കാവുന്നതിലുമധികം – 17 കോടിയിലധികം വാക്സിനേഷന്‍ നടന്ന രാജ്യമാണ് ഇന്‍ഡ്യ. (ഇസ്രായേല്‍ 93 ലക്ഷം ജനങ്ങള്‍ മാത്രമുള്ള രാജ്യമാണ്. അവിടുത്തെ 56% ജനങ്ങള്‍ക്കാണ് പൂര്‍ണ വാക്സിനേഷന്‍ നടന്നിട്ടുള്ളത്.) ചൈനയില്‍ പോലും 9 കോടി വാക്സിനേഷനെ നടന്നിട്ടുള്ളൂ എന്നു കാണാം. വാക്സീനുകളുടെ സുരക്ഷിതത്വവും അതീവ പ്രധാനമാണ്. ഒരു ക്രിക്കറ്റ് ടീം 20/20 യിലോ, ഏകദിനത്തിലോ കളിക്കുമ്ബോള്‍ ബാറ്റിംഗ് തിരെഞ്ഞെടുത്ത് തോറ്റാല്‍ ഉടനെ പറയുന്ന ഒരു കാര്യമുണ്ട്. എന്തിനാണ് ബാറ്റിംഗ് തിരെഞ്ഞെടുത്തത്? ബൗളിംഗ് ആകാമായിരുന്നില്ലേ? ഇതുപോലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം അഭിപ്രായങ്ങള്‍ പറയുന്നവരാണ് മഹാഭൂരിപക്ഷവും. അതുപോലെ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്ന വലിയ കാര്യങ്ങള്‍ അത് ജനങ്ങളിലെത്തിക്കാതെ സംസ്ഥാന സര്‍ക്കാരുകളുടെ ചില തെറ്റുകുറ്റങ്ങള്‍ മാത്രം പറയുന്ന നേതാക്കളാണ് ഈ വലിയ പ്രവര്‍ത്തനങ്ങള്‍ അതിന്‍റെ ശരിയായ രീതിയില്‍ ജനങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കാന്‍, അവരെ മനസ്സിലാക്കിക്കാന്‍ ശ്രമിക്കാത്തത്. സ്വന്തം സേവനങ്ങളെ മൂടിവെച്ച്‌ സ്വഭാവികമായും മറ്റിടങ്ങളിലുണ്ടാകുന്ന തെറ്റുകുറ്റങ്ങളെ തിരഞ്ഞു നടക്കുമ്ബോള്‍ ഇത് സംഭവിക്കും. രണ്ടാം തരംഗം തുടങ്ങിയത് കേരളത്തിലും മഹാരാഷ്ട്രയിലും പഞ്ചാബിലുമാണ്.

അവിടെനിന്നാണ് മറ്റിടങ്ങളിലേയ്ക്ക് പടര്‍ന്നത് എന്ന് കാണാം. തുറന്നിട്ട രാജ്യം അതിന് സഹായകരമായി. അതോ, ചിലര്‍ സംശയിക്കുന്നതുപ്പോലെ മറ്റെതെങ്കിലും വൈറസ് വിഭാഗങ്ങള്‍ ഇന്‍ഡ്യയെ നശിപ്പിക്കുന്നതിനുവേണ്ടി ഇന്‍ഡ്യയില്‍ എത്തിച്ചിട്ടുണ്ടോ? കാരണം, ഇന്‍ഡ്യക്കൊപ്പം ഒന്നാം തരംഗം വന്ന് ഇന്‍ഡ്യയെക്കാള്‍ വളരെ മോശമായി പ്രതികരിച്ചിട്ടുള്ള, വാക്സീന്‍ ലഭ്യമല്ലാത്ത രാജ്യങ്ങളില്‍ പലതിലും ഇന്‍ഡ്യയെപ്പോലെ അതിതീവ്ര വ്യാപനം കാണുന്നില്ല എന്നതുതന്നെ.

2. ഇങ്ങനെ അതിതീവ്രമായ ഒരു ചൈനീസ് വുഹാന്‍ വൈറസിന്‍റെ വകഭേദം മാരക ആക്രമണം നടത്തുമ്ബോള്‍ രാഷ്ട്രം ഒരുമിച്ച്‌ നിന്ന് അതിനെതിരെ പോരാടുകയാണ് വേണ്ടത്. Patrick Brauckmann, Dr Peter Hotez തുടങ്ങി അമേരിക്കന്‍ പ്രസിഡണ്ടിന്‍റെ പകര്‍ച്ചവ്യാധി രോഗങ്ങളുടെ ഉപദേഷ്ടാവായ ആന്‍റണി ഫൗച്ചി വരെ പറഞ്ഞത്, ഭാരതം നടത്തിയ അതീവ ശ്രമകരവും ലോകത്തെ മുഴുവന്‍ സഹായിച്ച കാര്യങ്ങളെക്കുറിച്ചുമാണ്. എന്നിരുന്നാലും, ഈ ചൈനീസ് വുഹാന്‍ വൈറസിന്‍റെ വ്യാപനത്തെ ഇന്‍ഡ്യയെ അസ്ഥിരപ്പെടുത്തുന്നതിനും അപമാനിക്കുന്നതിനുമുള്ള മാര്‍ഗ്ഗമായി ഇന്‍ഡ്യയില്‍ തന്നെയുള്ള നിരവധി അഞ്ചാം പത്തികള്‍ ഉപയോഗിക്കുന്നുണ്ട്. നമുക്ക് അത്ഭുതം തോന്നും, ഡല്‍ഹിയെക്കാള്‍ ജനസംഖ്യയും രോഗികളുമുള്ള മുംബൈയില്‍ ഒരു ദിവസം 250 ടണ്‍ ഓക്സിജന്‍ മതി. പക്ഷേ അത് ഡല്‍ഹിയില്‍ 750 ടണ്‍ ആകുന്നു. ഇത് എങ്ങനെ സംഭവിക്കുന്നുവെന്ന് ശാസ്ത്രീയമായി പരിശോധിക്കേണ്ടതല്ലെ? കോവിഡിനോടനുബന്ധിച്ച്‌ ഓക്സജന്‍ കോണ്‍സട്രേറ്റകറുകള്‍ മുതല്‍ ചെറുനാരങ്ങാവരെ കരിഞ്ചന്തയില്‍ ആക്കുന്നവരെ പിടികൂടി കര്‍ശനമായി ശിക്ഷിക്കുന്നതിന്‍റെ വിവരങ്ങളും പുറത്തു വരേണ്ടതാണ്.

ഡല്‍ഹിയെപ്പോലെ നിരവധി ആശുപത്രികളുള്ള രാജ്യ തലസ്ഥാനത്ത് ഒരു ഓക്സിജന്‍ പ്ലാന്‍റ് പോലും ഇല്ലാതായത് എങ്ങനെ? ഏതായാലും ചെയ്യേണ്ട പ്രവര്‍ത്തികളുടെ അതിഭീമമായ കാര്യങ്ങളും ചെയ്തുകൊണ്ടിരിക്കുന്ന, വിജയകരമായ പ്രവര്‍ത്തികളും ജനങ്ങള്‍ക്ക് ആത്മവിശ്വാസവും സാന്ത്വനവും നല്‍കുന്നതിനായി എടുത്തിട്ടുള്ള നടപടികളും അഖിലേന്ത്യാ തലത്തില്‍ ഓരോ ദിവസവും കൃത്യമായി വിവരിക്കുന്നതിന് ഉന്നതമായ ഒരു രാഷ്ട്രീയ നേതൃത്വം തന്നെ മുന്നോട്ട് വരേണ്ടതാണ്. ഉദ്യോഗസ്ഥരോ മറ്റുള്ളവരോ പറയുന്നതിലും ജനങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് നേതൃത്വത്തില്‍ നിന്നു തന്നെയാണ്. കാര്യങ്ങള്‍ ചെയ്താല്‍ മാത്രം പോരാ അത് ആര് എങ്ങനെ ചെയ്യുന്നു, എന്തൊക്കെയാണ് പ്രതീക്ഷിക്കേണ്ടത് എന്ന് ഓരോ ദിവസവും കൃത്യമായി ജനങ്ങളെ അറിയിക്കാന്‍ പ്രധാനമന്ത്രിയോ, ആഭ്യന്തര മന്ത്രിയോ ആരോഗ്യമന്ത്രിയോ എന്നിങ്ങനെ ഏതെങ്കിലും ഒരു സംവിധാനം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ രാജ്യദ്രോഹികളുടെ മുതലെടുപ്പുകള്‍ ഇല്ലാതാക്കാമായിരുന്നു.

3. രണ്ടാം തരംഗത്തിന് അറുതി വരുത്താന്‍ എടുത്തിട്ടുള്ള നടപടികള്‍, ഓരോ ദിനവും ലഭ്യമാകുന്ന വാക്സീനുകള്‍, അടുത്ത ദിനത്തില്‍ ലഭ്യമായേക്കാവുന്ന വാക്സീനുകള്‍, ഓരോ ദിവസവും ഓരോ സംസ്ഥാനത്തും ലഭ്യമായ ഓക്സിജന്‍, അതിനോടനുബന്ധിച്ചുള്ള മറ്റ് സംവിധാനങ്ങള്‍ ഇവയെല്ലാം ക്രോഢീകരിച്ച്‌ അഖിലേന്ത്യാ തലത്തില്‍ ഉന്നത നേതൃത്വത്തില്‍ നിന്നും ആരെങ്കിലും ജനങ്ങളെ അറിയിക്കുന്നത് അത്യന്താപേക്ഷിതമാണ്.

അതുപോലെ, ഇനിയും ഒരു തരംഗമുണ്ടാവുകയാണെങ്കില്‍ അതിനെ നേരിടാന്‍ എടുത്തിരിക്കുന്ന നടപടികള്‍, എത്ര മാസം കൊണ്ട് എത്ര പേരെ വാക്സിനേറ്റ് ചെയ്യാനാകും, ആയുഷ്മാന്‍ ഭാരത് പോലുള്ള സംവിധാനം വഴി കോവിഡ് ചികിത്സയ്ക്ക് നല്‍കാവുന്ന സഹായങ്ങള്‍, ജനങ്ങള്‍ക്ക് എവിടെയെല്ലാം ശരിയ്ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടോ, അതിനുള്ള കാരണങ്ങളും പ്രതിവിധികളും ഒന്നും ഒളിപ്പിച്ചു വെയ്ക്കാതെ തികച്ചും സുതാര്യമായി, പലയിടത്തും അടച്ചിടല്‍ ആയതുമൂലം തൊഴിലില്ലാതായവര്‍ക്കും ക്ഷാമം അനുഭവിക്കുന്നവര്‍ക്കുമുള്ള ധന-ഭക്ഷ്യ സഹായങ്ങള്‍ (കേന്ദ്രം നല്‍കുന്ന അരിയും പയറു വര്‍ഗങ്ങളും കേന്ദ്രത്തിന്‍റെതാണെന്ന് അത് കഴിക്കുന്നവര്‍ അറിയേണ്ടേ?) എന്നിവയെക്കുറിച്ചും ഓരോ ദിനത്തെ ഇത്തരം കേന്ദ്ര നേതൃത്വ അറിയിപ്പുകളില്‍ ഉണ്ടായിരുന്നാല്‍ വളരെ നന്നായിരുന്നു. നീതി നടപ്പാക്കുന്നതിനെപ്പറ്റിയുള്ള വളരെ പ്രസക്തമായ ചൊല്ലിനെപ്പോലെ ഇക്കാര്യങ്ങളിലും കാര്യങ്ങള്‍ ചെയ്താല്‍ മാത്രം പോരാ അത് എങ്ങനെ ചെയ്യുന്നു? എന്തു ചെയ്തു ? എന്ത് കൂടി ചെയ്യാനുണ്ട്? എന്നുകൂടി ജനതയെ അറിയിച്ചാലേ രാജ്യ ദ്രോഹികളുടെ ദുഷ്പ്രചരണങ്ങളെ ഇല്ലാതാക്കാനാകൂ.

4. ആഴ്ചയില്‍ ഒരിക്കലെങ്കിലും പ്രധാനമന്ത്രിയും എല്ലാ ദിനങ്ങളിലും കേന്ദ്ര ആരോഗ്യ മന്ത്രിയും ഇതേ സംബന്ധിച്ചുള്ള കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കാമോ?

5. ഒരുപക്ഷേ, ലോകത്ത് ഒരു രാജ്യത്തിനുള്ളില്‍ നിന്നും രാഷ്ട്രവിരോധികള്‍ക്ക് ഏറ്റവും പ്രവര്‍ത്തന സ്വാതന്ത്രവും, ഏറ്റവും വലിയ ദുഷ്പ്രചരണ സംവിധാനങ്ങളുമുള്ള രാജ്യം ഇന്‍ഡ്യയായിരിക്കും. സ്വാതന്ത്ര്യം അതിഭീകരമായി ദുരുപയോഗം ചെയ്യപ്പെടുന്ന, രാഷ്ട്ര നിലനില്പ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ശക്തികളെ നിലയ്ക്ക് നിര്‍ത്തുന്നതിന് മറ്റു നടപടികള്‍ക്കൊപ്പം സുതാര്യമായ, യാഥാര്‍ത്ഥ്യത്തില്‍ അധിഷ്ഠിതമായ വിവരവിനിമയ പ്രകൃയകളും അത്യാവശ്യമാണ്.