അസം ബിജെപിയില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കം രൂക്ഷം. നിലവിലെ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും, മുതിര്‍ന്ന ബി.ജെ.പി നേതാവും ആരോഗ്യമന്ത്രിയുമായ ഹിമാന്ത ബിശ്വാസ് ശര്‍മ്മയും മുഖ്യമന്ത്രി പദവി തന്നെ വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടു പോകില്ലെന്ന് വ്യക്തമാക്കിയതോടെയാണ് തര്‍ക്കം രൂക്ഷമായത്. ഇരുനേതാക്കളും ദില്ലിയിലെത്തി ജെപി നദ്ദയുമായും അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി.

അതേസമയം, മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ മാല ഗുവാഹത്തിയില്‍ ബിജെപിയുടെ നിയമസഭാ കക്ഷിയോഗം ചേരും. 60ല്‍ 40 എംഎല്‍എ മാരുടെ പിന്തുണ ഉണ്ടെന്നാണ് ഹിമന്ത പക്ഷം അവകാശപ്പെടുന്നത്.

മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പാര്‍ട്ടിയിലെ വിഭാഗീയത കൂട്ടുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിക്ക് പാര്‍ട്ടിയിലെ പ്രധാനപ്പെട്ട രണ്ട് നേതാക്കള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തിരിച്ചടിയായേക്കുമോ എന്നാണ് ആശങ്ക.