ന്യൂഡല്‍ഹി : മൂന്ന് റഫാല്‍ വിമാനങ്ങളുടെ പുതിയ ബാച്ച്‌ ഫ്രാന്‍സില്‍നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. ‘പൈലറ്റുമാര്‍ക്ക് ശുഭയാത്രയും സുരക്ഷിതമായ ലാന്‍ഡിംഗും ആശംസിച്ചു’ എന്ന് പ്രഖ്യാപനം നടത്തിക്കൊണ്ട് ഫ്രാന്‍സിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം അറിയിച്ചു.

ഒരേസമയം ഒന്നിലധികം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന ‘ഒംനി റോള്‍’ റഫാല്‍ പോര്‍ വിമാനങ്ങളുടെ, ഇന്ത്യയിലെത്തുന്ന അഞ്ചാം ബാച്ചായിരിക്കും ഇത്. തുടര്‍ച്ചയായി പറന്ന് കഴിഞ്ഞമാസം മൂന്ന് വിമാനങ്ങള്‍കൂടി രാജ്യത്ത് എത്തിയിരുന്നു.ഫ്രാന്‍സിലെ ഇസ്‌ത്രേസ് വ്യോമതാവളത്തില്‍നിന്ന് ജംനാനഗര്‍ താവളത്തിലേക്ക് ഈ വിമാനങ്ങള്‍ പറന്നിങ്ങുകയായിരുന്നു.

ഏപ്രില്‍ ഒന്നിനായിരുന്നു മൂന്നാമത്തെ ബാച്ച്‌ വിമാനങ്ങള്‍ ഫ്രാന്‍സ് ഇന്ത്യക്ക് കൈമാറിയത്. ഫ്രാന്‍സില്‍നിന്ന് പുറപ്പെട്ടവ കൂടി എത്തുന്നതോടെ ഓര്‍ഡര്‍ നല്‍കിയ വിമാനങ്ങളില്‍ ഇന്ത്യക്ക് ലഭിച്ചവയുടെ എണ്ണം 17 ആകും. 2016 സെപ്റ്റംബര്‍ 23-നാണ് 36 വിമാനങ്ങള്‍ക്കായി ഫ്രഞ്ച് കമ്പനിയായ ദാസോ ഏവിയേഷനുമായി കേന്ദ്രസര്‍ക്കാര്‍ 59,000 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടത്.