തിരുവനന്തപുരം: സംസ്ഥാനം വളരെ ഗൗരവമുള്ള അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറയുന്നില്ല. സംസ്ഥാനത്ത് നിലവില്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഉണ്ട്. അത് കൂടുതല്‍ കടുപ്പിക്കാനുള്ള സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് 41,953 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.കോവിഡ് ചികിത്സക്കായി ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കും. മെഡിക്കല്‍ വിദ്യാര്‍ഥികളെ കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കും. ഓക്സിജന്‍ ലഭ്യതയില്‍ നിലവില്‍ വലിയ പ്രശ്നങ്ങളില്ല. സ്വകാര്യ ആശുപത്രികള്‍ക്ക് ആവശ്യത്തിന് ഓക്സിജന്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന് 50 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 25 ലക്ഷം ഡോസ് കോവാക്‌സിനും അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ നീക്കി വെക്കുമ്ബോള്‍ രണ്ടാം ഡോസിന് കാത്തിരിക്കുന്നവരുടെയും ഒന്നാം ഡോസിന് രജിസ്റ്റര്‍ ചെയ്‌ത് കാത്തിരിക്കുന്നവരുടെയും എണ്ണം കണക്കിലെടുക്കണം. കേന്ദ്ര സര്‍ക്കാറുമായി യോജിച്ചുകൊണ്ട് കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ കേരളം മുന്‍നിരയില്‍ ഉണ്ടാകുമെന്ന ഉറപ്പ് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവില്‍ 61.3 ശതമാനം ഐ.സി.യു കിടക്കകളും ഉപയോഗത്തിലാണ്. വെന്‍റിലേറ്ററുകളില്‍ 27.3 ശതമാനം ഉപയോഗത്തിലാണ്. മെഡിക്കല്‍ കോളജുകളിലെ 1731 കോവിഡ് ഓക്സിജന്‍ കിടക്കകളില്‍ 1429 എണ്ണം ഉപയോഗത്തിലാണ്. ഓക്സിജന്‍ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കത്തെഴുതിയതായും മുഖ്യമന്ത്രി പറഞ്ഞു.