ചൈനയും ഫിലിപ്പൈനും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന തെക്കന്‍ ചൈനാക്കടലിലെ ഒരു ദ്വീപില്‍ ചൈന നടത്തുന്ന അനധികൃത കൈയ്യേറ്റത്തിനെതിരെ സഭ്യമല്ലാത്ത വാചകം കൊണ്ട് പ്രതികരിച്ച്‌ ഫിലിപ്പൈന്‍ വിദേശകാര്യ മന്ത്രി ടെഡി ലോക്സിന്‍ ജൂനിയര്‍. തര്‍ക്കഭൂമിയായ സ്കാര്‍ബറോ ഷോള്‍ ദ്വീപില്‍ ചൈനയുടെ കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ ഫിലിപ്പൈന്‍ കപ്പലുകള്‍ക്ക് ഉപദ്രവമുണ്ടാക്കുന്നു എന്ന ഫിലിപ്പൈന്‍ വിദേശകാര്യ മന്ത്രാലയത്തിലുയര്‍ന്ന പരാതിയ്ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. മത്സ്യബന്ധനത്തിന് അനുയോജ്യമായതാണ് ദ്വീപിനു ചുറ്റുമുള്ള കടല്‍. ഇതാണ് 2012 ല്‍ ചൈന കൈയേറിയത്. ഫിലിപ്പൈന്‍ അധികാരപരിധിയിലുള്ള കടലില്‍ ചൈനയുടെ കപ്പലുകള്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി കറങ്ങുന്നതും അവിടെ പരിശീലനം നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ട വിദേശകാര്യമന്ത്രാലയം ഇതിനെതിരെ പലതവണ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. തര്‍ക്കഭൂമിയിലെ ചൈനയുടെ പരമാധികാരത്തെ ബഹുമാനിക്കണമെന്നും സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്ന പ്രവൃത്തികള്‍ ചെയ്യരുതെന്നും ചൈനയിലെ വിദേശകാര്യമന്ത്രാലയം ഫിലിപ്പൈനോട് ആവശ്യപ്പെട്ടിട്ടുണ്ട്.