കെ പി സി സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ആരേയും കാണാതെ നിശബ്‌ദനായി കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. രാവിലെ എത്തിയെങ്കിലും ഗേറ്റുകള്‍ അടച്ച്‌ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. അദ്ധ്യക്ഷന്റെ മുറിയില്‍ നിന്ന് അദ്ദേഹം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. അതിനിടെ കെ പി സി സി ഓഫീസിലെത്തിയ കെ മുരളീധരന്‍ മുല്ലപ്പളളിയുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം മടങ്ങി.

നേതൃമാറ്റത്തിനായുളള മുറവിളിക്കിടെയും സ്വയം മാറില്ലെന്നാണ് മുല്ലപ്പളളിയുടെ നിലപാട്. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന മുല്ലപ്പളളി, ഹൈക്കമാന്‍ഡിന് തീരുമാനമെടുക്കാമെന്ന നിലപാടിലാണ്. പാര്‍ട്ടി തകര്‍ന്നടിഞ്ഞിട്ടും മാറ്റത്തിനായി കൂട്ടക്കലാപം ഉയരുമ്ബോഴും കുലുക്കമില്ലെന്ന നിലപാടിലാണ് മുല്ലപ്പളളി കെ പി സി സി ആസ്ഥാനത്ത് തുടരുന്നത് എന്നാണ് ആക്ഷേപം.

കനത്ത തോല്‍വിക്ക് പിന്നാലെ ഹൈക്കമാന്‍ഡിനെ രാജിസന്നദ്ധത അറിയിച്ചെന്ന സൂചനകള്‍ കെ പി സി സി അദ്ധ്യക്ഷന്‍ തളളുന്നുണ്ട്. പോരാട്ടത്തില്‍ തോറ്റിട്ട് സ്വയം ഇട്ടെറിഞ്ഞ് പോകാനില്ലെന്ന് പറഞ്ഞ്, പന്ത് ഹൈക്കമാന്‍ഡിന്റെ കോര്‍ട്ടിലേക്ക് ഇട്ടിരിക്കുകയാണ് അദ്ദേഹം.

അസമിലെ തോല്‍വിക്ക് പിന്നാലെ അവിടുത്തെ പി സി സി അദ്ധ്യക്ഷന്‍ സ്വയം രാജിവെച്ചാണൊഴിഞ്ഞത്. അതേ മാതൃക മുല്ലപ്പളളിയും പിന്തുടരുമെന്നായിരുന്നു എ ഐ സി സി പ്രതീക്ഷ. മുല്ലപ്പളളിയെ മാറ്റണമെന്ന് എ ​ഗ്രൂപ്പ് പരസ്യമായി ആവശ്യപ്പെടും. ഇങ്ങനെ ഉറങ്ങുന്ന ഒരു കെ പി സി സി പ്രസിഡന്റിനെ പാ‍ര്‍ട്ടിക്ക് ആവശ്യമുണ്ടോ എന്ന ചോദ്യവുമായി ഹൈബി ഈഡ‍ന്‍ എം പി തന്നെ പരസ്യവിമ‍ര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.