തിരുവനന്തപുരം: രാജി സന്നദ്ധത കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചതായി സൂചന. നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്‍റെ അടിസ്ഥാനത്തിലാണ് രാജി അറിയിച്ചത്. ഇക്കാര്യം അദ്ദേഹം എഐസിസി നേതൃത്വവുമായി സംസാരിച്ചു എന്നാണ് അറിയാന്‍ കഴിയുന്നത്.

തുടര്‍ നടപടി മുല്ലപ്പള്ളിയുടെ അന്തിമ നിലപാട് അറിഞ്ഞ ശേഷം എന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. അസം പിസിസി പ്രസിഡന്റ് തോല്‍വിയെ തുടര്‍ന്ന് ഇതിനകം രാജി വെച്ചു കഴിഞ്ഞു. നേതൃമാറ്റത്തിനായി സംസ്ഥാന കോണ്‍ഗ്രസില്‍ മുറവിളി ആണ് ഉയരുന്നത്. കൂടാതെ നിരവധി പേര്‍ മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനവുമായി എത്തുകയും ചെയ്തു.

എന്നാല്‍ രമേശ്‌ ചെന്നിത്തല പ്രതിപക്ഷ നേതാവ് എന്ന സിതാര്‍ത്ത് നിന്ന് മാറേണ്ട സാഹചര്യം ഇല്ലെന്ന് ഐ ഗ്രൂപ്പ്‌ വ്യക്തമാക്കി. ചെന്നിത്തല പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നടത്തിയത് മികച്ച പ്രവര്‍ത്തനം ആണെന്നും എന്നാല്‍ പാര്‍ട്ടി പിന്തുണ അതിനു വേണ്ടത്ര കിട്ടിയില്ല എന്നുമാണ് ഗ്രൂപ്പിന്റെ പരാതി. ചെന്നിത്തല മാറിയാല്‍ പിന്നെ സാധ്യത വി ഡി സതീശനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണ്. കെ സുധാകരനെയോ, കെ മുരളീധരനെയോ മുല്ലപ്പള്ളിയെ മാറ്റി അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.