കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. റാലികള്‍, പൊതുസമ്മേളനങ്ങള്‍ എന്നിവ രാത്രി ഏഴ് മണി മുതല്‍ രാവിലെ 10 മണി വരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി. ബംഗാളിലെ ബാക്കിയുള്ള മൂന്നു ഘട്ട പ്രചാരണങ്ങളില്‍ നിശബ്ദ പ്രചരണ സമയം 72 മണിക്കൂര്‍ ആയി വര്‍ധിപ്പിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി.

മുര്‍ഷിദാബാദിലെ സംഷര്‍ഗഞ്ച് നിയമസഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റെസൗല്‍ ഹക്ക് കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മുര്‍ഷിദാബാദിലെ തന്നെ ജാന്‍കി പൂര്‍ നിയമസഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി ആര്‍.എസ്.പിയിലെ പ്രദീപ് നന്ദി, ഗോള്‍പോഖര്‍ മണ്ഡലത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗുലാം റബ്ബാനി, ജല്‍പാല്‍ഗുരിയിലെ സ്ഥാനാര്‍ത്ഥി പി കെ ബുര്‍മ അങ്ങനെ നീളുന്നു കൊവിഡ് പോസിറ്റിവ് ആയ സ്ഥാനാര്‍ത്ഥികളുടെ പട്ടിക.