ആർലിംഗ്ടൺ (ടെക്സസ്) ∙ ‘ചൈനയിൽ നിന്നുള്ള കുടിയേറ്റക്കാരെ ഞങ്ങൾക്ക് ഇവിടെ വേണ്ട, അവരാണ് ഞങ്ങൾക്ക് കൊറോണ വൈറസ് തന്നത്’– യുഎസ് കോൺഗ്രസിലേക്ക് 6th കൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്നും (ആർലിംഗ്ടൺ, ടെക്സസ്) റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിക്കുന്ന സെറി കിം ചൈനക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ബുധനാഴ്ച നടന്ന സ്ഥാനാർഥി സംഗമത്തിൽ വെച്ചാണ് കിം ഈ പ്രസ്താവന നടത്തിയത്.

സൗത്ത് കൊറിയായിൽ നിന്നുള്ള സെറി കിം മുമ്പ് ട്രംമ്പ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥയായിരുന്നു. ചൈനക്കെതിരെ പറയുവാൻ എന്നെ പ്രേരിപ്പിച്ചത് ഞാൻ ഒരു കൊറിയക്കാരി ആണെന്നുള്ളതു തന്നെയാണ്. നിലവിലുള്ള റിപ്പബ്ലിക്കൻ പ്രതിനിധി അന്തരിച്ച റോൺ റൈറ്റിന്റെ ഒഴിവുവന്ന സീറ്റിലേക്കാണ് സെറി കിം മത്സരിക്കുന്നത്. അമേരിക്കയിൽ കൊറോണ വൈറസ് വ്യാപിച്ചതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ചൈനക്ക് ഒഴിഞ്ഞു മാറാൻ ആവില്ലെന്നും അവർ പറഞ്ഞു.

കാൻഡിഡേറ്റ് ഫോറത്തിൽ പങ്കെടുത്തവർ കരഘോഷത്തോടെയാണ് സെറിന്റെ പ്രസംഗം സ്വാഗതം ചെയ്തത്. അതേസമയം, ഡാലസ് ഫോർട്ട്‍വർത്ത് ഏഷ്യൻ അമേരിക്കൻ സിറ്റിസൺ കൗൺസിൽ കിമിന്റെ പ്രസ്താവനയെ ശക്തമായ ഭാഷയിൽ അപലപിച്ചു. വംശീയത പരസ്യമായി പ്രചരിപ്പിക്കുന്നവർക്ക് സമൂഹത്തിൽ സ്ഥാനം ഉണ്ടാകുകയില്ലെന്നും അവർ പറഞ്ഞു.