ഡാലസ് ∙ കല്ലറയുടെ ബന്ധനങ്ങൾ തകർത്തു, അന്ധകാര ശക്തികളിന്മേൽ ജയോത്സവം കൊണ്ടാടി, പാപത്തിന്റെ ഫലമായി മനുഷ്യ വിധിക്കപ്പെട്ട മരണത്തെ കാൽവറി ക്രൂശിലെ മരത്താൽ കീഴ്പെടുത്തി മൂന്നാം ദിനം ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിലൂടെ മറ്റുള്ളവർ കണ്ടെത്തുമ്പോൾ മാത്രമാണ് ഈസ്റ്റർ ആഘോഷം അർത്തവത്താക്കുന്നതെന്ന് മർത്തോമാ സഭയുടെ നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന എപ്പിസ്കോപ്പാ റൈറ്റ് റവ. ഡോ. ഐസക്ക് മാർ ഫിലക്സിനോസ് പറഞ്ഞു.

ഈസ്റ്ററിനോടനുബന്ധിച്ചു ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് മർത്തോമാ ചർച്ചിൽ വിശുദ്ധ കുർബ്ബാന മധ്യേ ധ്യാന പ്രസംഗം നടത്തുകയായിരുന്നു എപ്പിസ്കോപ്പ. ഗായകസംഘത്തിന്റെ പ്രത്യാശ നിർഭരമായ ഗാനങ്ങളോടെയാണ് ശുശ്രൂഷ ആരംഭിച്ചത്. ആഴ്ചവട്ടത്തിന്റെ ഒന്നാംനാൾ കർത്താവിന്റെ കല്ലറയ്ക്കൽ സുഗന്ധ വർഗ്ഗവുമായി എത്തിയ സ്ത്രീകൾ കല്ലറയിൽ നിന്നും കല്ലു ഉരുട്ടികളഞ്ഞതായും യേശുവിന്റെ ശരീരം കാണാതേയും ചഞ്ചലിച്ചു നിൽക്കുമ്പോൾ, മിന്നുന്ന വസ്ത്രം ധരിച്ചു രണ്ടുപുരുഷന്മാർ അവരോടു നിങ്ങൾ ജീവനുള്ളവരെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതെന്ത് എന്ന വേദ ഭാഗത്തെ ആധാരമാക്കിയായിരുന്നു ധ്യാനപ്രസംഗം.

ജീവിതത്തിന്റെ വ്യത്യസ്ഥ അനുഭവങ്ങളിൽ ഉത്തരം കണ്ടെത്താനാകാതെ പകച്ചുനിൽക്കുമ്പോൾ, നിങ്ങളുടെ സമീപത്ത് നിൽക്കുന്ന ക്രിസ്തുവിനെ തിരിച്ചറിയുവാൻ കഴിയണം. കല്ലറയിൽ മറിയയുടെ മുമ്പിൽ പ്രത്യക്ഷനായ ക്രിസ്തുവിനെ ആദ്യം തിരിച്ചറിയാനാകാതെ തോട്ടക്കാരനെന്ന് നിരൂപീച്ചു. യജമാനനേ എന്ന് അഭിസംബോധന ചെയ്തപ്പോൾ മറിയേ എന്ന വിളിയിലൂടെയാണ് ക്രിസ്തുവിനെ തിരിച്ചറിയുവാൻ മറിയക്ക് കഴിഞ്ഞത്. പേർ ചൊല്ലി നമ്മുടെ സമീപെ അദൃശ്യനായി നിൽക്കുന്ന ക്രിസ്തുവിനെ തിരിച്ചറിയുവാൻ കഴിയുമ്പോൾ മാത്രമേ ഉയർപ്പിന്റെ ശക്തി നമ്മിൽ വ്യാപരിക്കുകയുള്ളൂവെന്നും തിരുമേനി പറഞ്ഞു.
ക്രിസ്തുവിനെ കൂടാതെ, ജീർണ്ണാവസ്ഥയിൽ കഴിയുന്ന ജീവിതങ്ങൾ ക്രിസ്തുവിനെ കണ്ടെത്തുന്നതോടെ സുഗന്ധത്തിന്റെ സൗരഭ്യം വീശുന്ന തലത്തിലേക്കുയരുമെന്നും തിരുമേനി പറഞ്ഞു. ഇടവക വികാരിമാരായ റവ. ഡോ. അബ്രഹാം മാത്യു, റവ. ബ്ലസൻ കെ. ജോൺ എന്നിവർ ഈസ്റ്റർ സർവീസിൽ സഹകാർമ്മികത്വം വഹിച്ചു.