ന്യൂഡല്‍ഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.ജി ജോര്‍ജ് മുത്തൂറ്റിന്റെ മരണത്തിനു പിന്നില്‍ ദുരൂഹതയില്ലെന്ന് ഡല്‍ഹി പൊലീസ്. ഡല്‍ഹിയിലെ ഒരു കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് ജോര്‍ജ് മുത്തൂറ്റ് മരിച്ചത്.

പരിക്കേറ്റ ജോര്‍ജ് മുത്തൂറ്റിനെ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു. മൃതദേഹം പോസ്റ്റുമാര്‍ട്ടം നടത്തിയെന്നും മരണത്തില്‍ ദുരൂഹത സംശയിക്കുന്നില്ലെന്നും ഡല്‍ഹി പൊലീസിനെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാനും ഓര്‍ത്തഡോക്സ് സഭാ മുന്‍ അല്‍മായ ട്രസ്റ്റിയുമായ എം.ജി.ജോര്‍ജ് മുത്തൂറ്റിന്റെ (72) മൃതദേഹം ഞായറാഴ്ച പനമ്ബിള്ളി നഗറില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ഡല്‍ഹിയില്‍നിന്നു രാവിലെ എത്തിക്കുന്ന മൃതദേഹം എസ്ബിടി അവന്യുവിലെ മുത്തൂറ്റ് ഓറം റസിഡന്‍സസില്‍ രാവിലെ ഏഴര മുതല്‍ എട്ടര വരെയാണ് പൊതുദര്‍ശനത്തിനു വയ്ക്കുക.

തുടര്‍ന്ന് പത്തനംതിട്ട കോഴഞ്ചേരിയിലേയ്ക്കു കൊണ്ടുപോകും. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് കോഴ‍ഞ്ചേരി സെന്റ് മാത്യൂസ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍. ന്യൂഡല്‍ഹിയിലെ സെന്റ് ജോര്‍ജ്സ് ഹൈസ്കൂള്‍ ഡയറക്ടര്‍ സാറ ജോര്‍ജ് മുത്തൂറ്റാണ് ഭാര്യ. മുത്തൂറ്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് എം.ജോര്‍ജ്, ഗ്രൂപ്പ് ഡയറക്ടര്‍ അലക്സാണ്ടര്‍ ജോര്‍ജ്, പരേതനായ പോള്‍ മുത്തൂറ്റ് ജോര്‍ജ് എന്നിവരാണ് മക്കള്‍.