വാഷിങ്ടൻ ∙ പാക്കിസ്ഥാനി അമേരിക്കൻ ഡിലവർ സയ്യദിനെ സ്മോൾ ബിസിനസ് അഡ്മിനിസ്ട്രേഷൻ ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്ററായി പ്രസിഡന്റ് ജോ ബൈഡൻ നിയമിച്ചു.

എഎപിഐ വിക്ടറി ഫണ്ട് ഉപാധ്യക്ഷനായ സയ്യദിനെ മാർച്ച് 3 നാണ് പുതിയ തസ്തികയിൽ നിയമിച്ചുകൊണ്ടു ബൈഡൻ ഉത്തരവിട്ടത്.

സയ്യദിന്റെ നിയമനം സെനറ്റ് അംഗീകരിച്ചാൽ ഏറ്റവും ഉയർന്ന റാങ്കിൽ എത്തുന്ന ആദ്യ മുസ്‌ലിം അമേരിക്കനായിരിക്കും സയ്യദ്. അതോടൊപ്പം കാബിനറ്റ് റാങ്കിൽ എത്തുന്ന ആദ്യ പാക്കിസ്ഥാൻ അമേരിക്കൻ കൂടിയായിരിക്കും സയ്യദ്.

ഈ നിയമനത്തിലൂടെ ഞാൻ ഏറ്റവും വിനയാന്വിതനും ബഹുമാന്യനുമായിരിക്കുന്നു.– സയ്യദ് തന്റെ ഫേസ് ബുക്ക് പേജിൽ കുറിച്ചു. ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥാനവും സമയവുമാണിതെന്ന് അദ്ദേഹം പറഞ്ഞു.

സയ്യദ് ഈ സ്ഥാനത്തിന് ഏറ്റവും അർഹനായ വ്യക്തിയാണെന്ന് 2016 ൽ എഎപിഐ വിക്ടറി ഫണ്ട് സ്ഥാപിക്കുന്നതിന് സയ്യദിനൊപ്പമുണ്ടായിരുന്ന ശേഖർ നരസിംഹൻ അഭിപ്രായപ്പെട്ടു. നിരവധി മുസ്‌ലിം സംഘടനകളും സയ്യദിന്റെ നിയമനത്തിൽ ആഹ്ലാദം പങ്കിട്ടു.

പാക്കിസ്ഥാനിൽ നിന്നു പഠനത്തിനായി ഒഹായോവിലെ കോളജിൽ എത്തിയതാണ് സയ്യദ്. യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്, പെൻസിൽവാനിയ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണു കോളജ് വിദ്യാഭ്യാസം പൂർത്തീകരിച്ചത്.