പാകിസ്താൻ സൂപ്പർ ലീഗിൽ കൊവിഡ് ബാധ ഉയരുന്നു. നേരത്തെ 4 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ ഇംഗ്ലണ്ട് യുവതാരം ടോം ബാൻ്റണും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. പിഎസ്എലിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിൻ്റെ താരമായ ബാൻ്റൺ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ കൊവിഡ് ബാധയുടെ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, നേരത്തെ റിപ്പോർട്ട് ചെയ്ത താരങ്ങളിൽ പെട്ട ആളാണോ ബാൻ്റൺ എന്നതിൽ സ്ഥിരീകരണമില്ല.

“നിങ്ങളെ സന്ദേശങ്ങൾക്കും ആശംസകൾക്കും നന്ദി. നിർഭാഗ്യവശാൽ, ഇന്നലെ എൻ്റെ കൊവിഡ് ടെസ്റ്റ് പോസിറ്റീവായി. ഞാൻ ഇപ്പോൾ ഐസൊലേഷനിലാണ് പിഎസ്എൽ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ട്. ഭാഗ്യവശാൽ ഞാൻ ഇപ്പോൾ ഓക്കെയാണ്. പിസിബി ക്വെറ്റ ഗ്ലാഡിയേറ്റേഴ്സും എന്നെ നന്നായി പരിചരിക്കുന്നുണ്ട്.”- ബാൻ്റൺ ട്വീറ്റ് ചെയ്തു.

4 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചെങ്കിലും പാകിസ്താൻ സൂപ്പർ ലീഗ് മുൻ നിശ്ചയപ്രകാരം തന്നെ നടത്തുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു. മത്സരക്രമത്തിൽ മാറ്റമില്ലെന്നും സ്റ്റേഡിയത്തിൽ 50 ശതമാനം കാണികളെ അനുവദിക്കുന്നത് തുടരുമെന്നും പിസിബി അറിയിച്ചു. ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് താരം ഫവാദ് അഹ്മദിനാണ് ആദ്യം കൊവിഡ് ബാധ സ്ഥിരീകരിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് മറ്റ് മൂന്ന് പേർക്കു കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചത്.