ഹിന്ദു മതവികാരം വ്രണപ്പെടുത്തിയതിന്റെ പേരില്‍ വിവാദമായ താണ്ഡവ് വെബ് സീരീസ് സംപ്രേഷണം ചെയ്തതില്‍ നിരുപാധികം മാപ്പ് പറഞ്ഞ് ആമസോണ്‍ പ്രൈം. മനഃപ്പൂര്‍വമല്ല വിവാദമായ സീനുകള്‍ സംപ്രേഷണം ചെയ്തതെന്നും ഇവ നീക്കം ചെയ്‌തെന്നും ആമസോണ്‍ പ്രൈം പ്രസ്താവനയിലൂടെ അറിയിച്ചു.

ത്രിശൂലവും, ഡമരുവും ഉള്‍പ്പെടെ സംവിധായകന്‍ അലി അബ്ബാസ് വെബ് സീരിസില്‍ ഉപയോഗിച്ചതാണ് വലിയ വിവാദമായത്. തെറ്റുകള്‍ തിരുത്തിയെന്നും ഇന്ത്യന്‍ നിയമങ്ങള്‍ക്ക് വിധേയമായി മികച്ച പ്രമേയങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുമെന്നും ആമസോണ്‍ പ്രൈം അറിയിച്ചു.

നേരത്തെ പരമ്പരയുടെ സംവിധായകന്‍ അലി അബ്ബാസ് സഫര്‍, തിരക്കഥാകൃത്ത് ഗൗരവ് സോളങ്കി, ആമസോണ്‍ പ്രൈം ഇന്ത്യ മേധാവി അപര്‍ണ പുരോഹിത് എന്നിവര്‍ക്കെതിരെ യുപിയിലെ ഹസ്രത് ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പരമ്പര നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് ബിജെപി എംപി മനോജ് കൊട്ടക് കത്തെഴുതുകയും ചെയ്തിരുന്നു.