സ്‌പെക്‌ട്രം ലേലം അവസാനിച്ചപ്പോള്‍ സര്‍ക്കാരിന് ലഭിച്ചത് 77815 കോടി രൂപ. ഇതില്‍ 57123 കോടി രൂപയും റിലയന്‍സ് ജിയോയില്‍ നിന്നാണ് ലഭിച്ചത്. മുകേഷ് അംബാനി ടെലികോം രംഗത്ത് ദീര്‍ഘകാലമായി നോട്ടമിട്ടിരുന്ന വന്‍കുതിപ്പ് ലക്ഷ്യമാക്കിയാണ് ഇത്രയും പണം ചെലവാക്കിയതെന്ന് വ്യക്തമാണ്. എന്നാല്‍ ആകെ ലേലത്തില്‍ വെച്ച 855.60 മെഗാഹെര്‍ട്‌സില്‍ 355.45 മെഗാഹെര്‍ട്‌സും സ്വന്തമാക്കിയ എയര്‍ടെല്‍ തങ്ങളാണ് ഒന്നാമതെന്ന അവകാശവുമായി രംഗത്തുവന്നു.

സ്‌പെക്‌ട്രം കുടിശിക അടച്ച്‌ തീര്‍ക്കാന്‍ ബാക്കിയുള്ള വൊഡഫോണ്‍ ഐഡിയ 1993.40 കോടി രൂപയാണ് സ്‌പെക്‌ട്രം ലേലത്തിന് ചെലവാക്കിയത്.
ഇക്കുറി ലേലത്തിന് വെച്ചിരുന്ന 60 ശതമാനം സ്‌പെക്‌ട്രവും വിറ്റുപോയെന്നാണ് ടെലികോം സെക്രട്ടറി അന്‍ഷു പ്രകാശ് വ്യക്തമാക്കിയത്.

രാജ്യത്തെ 22 സര്‍ക്കിളുകളിലും സ്പെക്‌ട്രം ഉപയോഗിക്കാനുള്ള അവകാശം നേടിയതായി റിലയന്‍സ് ജിയോ അറിയിച്ചു. 5ജിക്കായി ഉപയോഗിക്കാവുന്ന സ്‌പെക്‌ട്രം പോലും സ്വന്തമാക്കി. 488.35 മെഗാഹെട്സ് സ്പെക്‌ട്രം വാങ്ങി. പ്രക്ഷേപണപരിധി 55 ശതമാനം വര്‍ധിപ്പിച്ച്‌ 1717 മെഗാഹെട്സില്‍ എത്തിയെന്ന് ജിയോ അവകാശപ്പെട്ടു. അഞ്ചു മേഖലകളിലായി 11.8 മെഗാഹെട്സ് സ്പെക്‌ട്രം സ്വന്തമാക്കിയെന്ന് വൊഡഫോണ്‍ ഐഡിയ വ്യക്തമാക്കി. എല്ലാ നഗരത്തിലും കെട്ടിടങ്ങള്‍ക്കുള്ളിലേക്ക് അടക്കം ഹൈസ്പീഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള വിതരണാവകാശം സ്വന്തമാക്കി. തങ്ങള്‍ക്ക് ഗ്രാമീണ മേഖലയിലും മികച്ച പ്രകടനം നടത്താനാകുമെന്നാണ് എയര്‍ടെല്‍ അവകാശപ്പെട്ടത്.