സംസ്ഥാനത്തെ കണക്കിൽ രോഗികളുടെ എണ്ണം കൂടുന്നത് റിപ്പോർട്ടിംഗ് സംവിധാന മികവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടകയിൽ 30 പേർക്ക് രോഗം വരുമ്പോൾ റിപ്പോർട്ട് ചെയ്യുന്നത് ഒരു കേസ് മാത്രമാണ്. എന്നാൽ കേരളത്തിൽ 3 പേർക്ക് രോഗം വരുമ്പോൾ അതിൽ ഒരു കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

വസ്തുത മൂടിവെച്ച് കേരളത്തെ താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേരളത്തിൽ മരണനിരക്ക് കുറവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ കൊവിഡ് വാക്‌സിൻ ആവശ്യപ്പെടുമെന്നും പൊതു വിപണിയിൽ സ്വകാര്യ സംരംഭകർക് വിതരണം ചെയ്യാൻ അനുവദിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിൽ കൊവിഡ് കേസുകളുടെ എണ്ണം കൂടുന്നുവെന്ന പ്രചാരണം മോശമാണെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജയും പറഞ്ഞിരുന്നു. സംസ്ഥാനത്ത് കൊവിഡ് ബാധിച്ചുള്ള മരണനിരക്ക് 0.38 ശതമാനത്തിലേക്ക് താഴ്ന്നുവെന്നും സിറോ സർവൈലൻസ് പഠനം പ്രകാരം 12 ശതമാനം ആളുകൾക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.