നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ലെന്ന സൂചന നല്‍കി കെ.പി.എ മജീദ്‌. മാനസികമായി സന്നദ്ധല്ലന്നായിരുന്നു മുസ്‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം. നേതൃത്വം ആവശ്യപെട്ടാല്‍ മത്സരിക്കുന്ന കാര്യം ആലോചിക്കുമെന്നും കെ.പി.എ മജീദ് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് മുസ്‌ലിം ലീഗ് ഉന്നതാധികാരസമിതി യോഗത്തില്‍ ഉന്നയിച്ചിരുന്നു.

മലപ്പുറത്തോ വേങ്ങരയിലോ മത്സരിക്കാനായിരുന്നു കെ.പി.എ മജീദിന്‍റെ ആലോചന. എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് മത്സരിച്ചേക്കില്ലന്ന സൂചന കെ.പി.എ മജീദ് നല്‍കുന്നത്. മത്സരിക്കാന്‍ മാനസികമായി തയ്യാറല്ലെന്നായിരുന്നു ലീഗ് ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം. നേതൃത്വം ആവശ്യപ്പെടുകയാണെങ്കില്‍ മത്സരിക്കുമെന്നും കെ.പി.എ മജീദ് വ്യക്തമാക്കി.

ലീഗിന്‍റെ മുതിര്‍ന്ന നേതാക്കള്‍ ഒരുമിച്ചു മത്സരിക്കേണ്ടന്ന നേതൃതല ചര്‍ച്ചകളും സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് മണ്ഡലം കമ്മിറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ടുകളുമാണ് മജീദിന്‍റെ പിന്മാറ്റത്തിന് കാരണമെന്നാണ് സൂചന. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് കെ.പി.എ മജീദിനെ ലീഗ് പരിഗണിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ നിലവിലെ രാജ്യസഭാ എം.പി.പി.വി അബ്‌ദുല്‍ വഹാബിന് നിയമസഭയിലേക്ക് അവസരം നല്‍കിയേക്കും. അബ്ദുല്‍ വഹാബും നിയമസഭയിലേക്ക് മത്സരിക്കാനുള്ള താല്പര്യം നേതൃയോഗത്തില്‍ അറിയിച്ചിരുന്നു.