വാഷിങ്ടൻ ഡി സി ∙ 50,000 ഡോളർ വരെയുള്ള സ്റ്റുഡന്റ് ലോൺ എഴുതി തള്ളൽ സമീപ ഭാവിയിലൊന്നും സംഭവിക്കുകയില്ലെന്നു പ്രസിഡന്റ് ജൊ ബൈഡൻ. ഫെബ്രുവരി 16 ചൊവ്വാഴ്ച സിഎൻഎൻ ടൗൺഹാൾ മീറ്റിങ്ങിലാണു ബൈഡൻ തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്.

ബെർണി സാന്റേഴ്സ് ഉൾപ്പെടെയുള്ള ഡമോക്രാറ്റിക് സെനറ്റർമാർ തിരഞ്ഞെടുപ്പ് വാഗ്ദാനമായി ഉയർത്തി കാട്ടിയ വിദ്യാർഥികളുടെ ഈ ആവശ്യം അംഗീകരിക്കുമെന്ന വിശ്വാസത്തിൽ പതിനായിര കണക്കിന് വിദ്യാർത്ഥികളാണു ബൈഡന് അനുകൂലമായി വോട്ട് ചെയ്തത്. ബർണി സാന്റേഴ്സ് പ്രസിഡന്റ് സ്ഥാനാർഥിത്വത്തിൽ നിന്നും പിൻമാറുമ്പോൾ വിദ്യാർഥികളുടെ ഈ ആവശ്യം ബൈഡൻ പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നതാണ്.

ബൈഡൻ അധികാരമേറ്റ ഉടനെ നടത്തിയ പ്രസ്താവനയിലും സ്റ്റുഡന്റ് ലോൺ ഒഴിവാക്കുമെന്ന് സൂചന നൽകിയിരുന്നു. 43 മില്യൺ വിദ്യാർഥികൾക്ക് ഫെഡറൽ സഹായമായി നൽകിയിരുന്ന വിദ്യാഭ്യാസ ധനം 50,000 ഡോളർ വീതം എഴുതി തള്ളണമെങ്കിൽ ഖജനാവിൽ നിന്നും 1 ട്രില്യൺ ഡോളർ എങ്കിലും ചിലവാക്കേണ്ടി വരുമെന്നാണ് ബൈഡൻ പറയുന്നത്.

ഹാർവാർഡ്, യെൽ, പെൻ യൂണിവേഴ്സിറ്റികളിൽ പഠനം നടത്തുന്നതിനു സ്റ്റുഡന്റ് ലോൺ ലഭിച്ചവർക്ക് ഇളവ് നൽകുന്ന ഇത്രയും സംഖ്യ ഉപയോഗിച്ചു. കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനും, കമ്മ്യൂണി കോളേജുകളിൽ സൗജന്യ പഠനത്തിനും ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലതെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

സ്റ്റുഡന്റ് ലോൺ, സ്റ്റിമുലസ് ചെക്ക്, 15 ഡോളർ മിനിമം വേതനം തുടങ്ങിയ നിരവധി വിഷയങ്ങളിൽ വ്യക്തമായ തീരുമാനമെടുക്കാത്തതിൽ പ്രതിഷേധിച്ചു സെനറ്റ് മെജോറട്ടി ലീഡർ ചക്ക് ഷൂമ്മർ, സെനറ്റർ എലിസബത്ത് വാറൻ, അലക്സാണ്ടർ ഒക്കേഷ എന്നിവർ ഇതിനകം തന്നെ അവരുടെ അസംതൃപ്തി പ്രകടിപ്പിച്ചു കഴിഞ്ഞു.