ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയുടെ സ്വത്ത് കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 17.66 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 2020 സെപ്റ്റംബർ പത്തിന് സംഘടനയുടെ ഇന്ത്യയിലെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചതിന് തുടർച്ചയായാണ് നടപടി.

ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയത്തിൽ പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇ.ഡി യുടെ നടപടി. വിദേശ വിനിമയ ചട്ടങ്ങൾ ലംഘിച്ചു കൊണ്ട് വിദേശഫണ്ട് സ്വീകരിച്ചു എന്ന പരാതിയിലാണ് സംഘടനയ്‌ക്കെതിരെ ഇ.ഡിയുടെ അന്വേഷണം. ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടും ഇ.ഡി മരവിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോടതി പക്ഷേ ആംനസ്റ്റി ഇന്ത്യക്ക് അനുകൂലമായാണ് നിലപാട് സ്വീകരിച്ചത്. ഇ.ഡിയുടെ നടപടി ശക്തമായപ്പോൾ ഇന്ത്യയിലെ പ്രവത്തനങ്ങൾ മുഴുവനായും അവസാനിപ്പിക്കുന്നുവെന്നും ജീവനക്കാരെ മുഴുവൻ പിരിച്ചുവിടുന്നെന്നും സംഘടന വ്യക്തമാക്കിയിരുന്നു. തുടർന്ന് പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാത്ത സ്ഥിതിയിലാണ് ഉള്ളതെന്നും സർക്കാർ ബോധപൂർവം ഇത്തരം മനുഷ്യാവകാശ സംഘടനകളെ ലക്ഷ്യംവയ്ക്കുകയും വേട്ടയാടുകയും ചെയ്യുന്നുവെന്ന് സംഘടന അറിയിച്ചിരുന്നു. ഇപ്പോൾ സംഘടനയുടെ 17.66 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നു എന്നതിന്റെ തെളിവ് മാത്രമാണ് നടപടി എന്നാണ് ഇക്കാര്യത്തിലെ ഇ.ഡിയുടെ വിശദീകരണം.

യു.കെയിൽ നിന്ന് പത്തുകോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിച്ചു എന്നതുമായി ബന്ധപ്പെട്ട പരാതിയിൽ നടക്കുന്ന സി.ബി.ഐ അന്വേഷണവും ആംനസ്റ്റി ഇന്ത്യ ഇപ്പോൾ നേരിടുകയാണ്.