പെരിയ ഇരട്ടക്കൊലപാതകം നടന്നിട്ട് രണ്ടു വർഷം തികയുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകം സംബന്ധിച്ച സിബിഐ അന്വേഷണം നടക്കുന്നതിനിടെയാണ് ഇത്തവണ അനുസ്മരണ ചടങ്ങ് നടക്കുന്നത്.

2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നതിനിടെയാണ് കല്യോട്ടുവച്ച് കൃപേഷും, ശരത് ലാലും മൃഗീയമായി കൊല ചെയപ്പെട്ടത്. സിപിഐഎം പെരിയ ലോക്കൽ കമ്മറ്റി അംഗമായിരുന്ന എ. പീതാംബരൻ ഉൾപ്പടെ 14 പേരെ ക്രൈം ബ്രാഞ്ച് സംഘം സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. തൊണ്ണൂറ് ദിവസത്തിനകം നൽകിയ കുറ്റപത്രം റദ്ദാക്കി കൊണ്ട് അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടു. ഇത് ചോദ്യം ചെയ്ത് സർക്കാർ സുപ്രിംകോടതി വരെ അപ്പീലുമായി പോയി. ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് സുപ്രിംകോടതിയും ശരിവച്ചു. ഇതോടെ സിബിഐ തിരുവനന്തപുരം യൂണിറ്റ് കൊലപാതകം സംബന്ധിച്ച അന്വേഷണം തുടങ്ങിയ ഘട്ടത്തിലാണ് നാട്ടിനെ നടുക്കിയ സംഭവത്തിന്റെ രണ്ടാം വാർഷികം. നിയമസഭാ തെരഞ്ഞെടുപ്പ് കൂടി അടുത്ത സാഹചര്യത്തിൽ പെരിയ ഇരട്ടക്കൊലപാതകത്തിന് പ്രാധാന്യം കൂടുതലാണ്. വിപുലമായ പരിപാടികളാണ് അനുസ്മരണത്തോടനുബന്ധിച്ച് ഡിസിസി സംഘടിപ്പിച്ചിരിക്കുന്നത്. സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പങ്കെടുക്കുന്ന അനുസ്മരണ യോഗവും ഇന്ന് പെരിയയിൽ നടക്കും.