വാഷിങ്ടന്‍∙ സത്യപ്രതിജ്ഞാ ദിനത്തില്‍ വമ്പന്‍ കുടിയേറ്റനയം പ്രഖ്യാപിക്കാനൊരുങ്ങി അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍.

ട്രംപ് ഭരണകൂടത്തിന്റെ കടിയേറ്റ നയത്തിനു വിരുദ്ധമായി അമേരിക്കയിലുള്ള ഇന്ത്യക്കാരുള്‍പ്പെടെ 11 ദശലക്ഷം അനധികൃത കുടിയേറ്റക്കാര്‍ക്കു ഗുണകരമാകുന്ന പ്രഖ്യാപനങ്ങളാവും ജോ ബൈഡന്‍ നടത്തുകയെന്നാണു നിഗമനം. ഇത്തരക്കാര്‍ക്ക് എട്ടു വര്‍ഷത്തിനുള്ളില്‍ യുഎസ് പൗരത്വം ലഭിക്കാന്‍ പാകത്തിലുള്ള നയമാവും ബൈഡന്‍ പ്രഖ്യാപിക്കുകയെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

പുതിയ ബില്‍ പ്രകാരം 2021 ജനുവരിയില്‍ അമേരിക്കയില്‍ നിയമപരമല്ലാതെ താമസിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷത്തിനുള്ളില്‍ ആവശ്യമായ പരിശോധനകള്‍ക്കു ശേഷം താല്‍ക്കാലികമായി നിയമസാധുതയോ ഗ്രീന്‍ കാര്‍ഡോ നേടാന്‍ കഴിയും. ഇതിനായി വ്യക്തികളുടെ പശ്ചാത്തല പരിശോധന, കൃത്യമായ നികുതി അടയ്ക്കല്‍, മറ്റ് നിബന്ധനകള്‍ എന്നിവ പാലിക്കപ്പെടണം. താല്‍ക്കാലിക പദവി ലഭിച്ചു കഴിഞ്ഞാല്‍ മൂന്നു വര്‍ഷത്തിനു ശേഷം പൗരത്വം നേടാന്‍ കഴിയുന്ന തരത്തിലാണു ബില്‍ അവതരിപ്പിക്കുക. ചെറുപ്പത്തില്‍ അമേരിക്കയില്‍ നിയമവിരുദ്ധമായി എത്തിയവര്‍ക്കും കാര്‍ഷികവൃത്തി ചെയ്യുന്നവര്‍ക്കും എളുപ്പത്തില്‍ ഗ്രീന്‍കാര്‍ഡ് ലഭിക്കാന്‍ പുതിയ ബില്‍ ഉപകരിക്കുമെന്നാണു സൂചന.

ട്രംപ് ഭരണകൂടം നടപ്പാക്കിയ കര്‍ശന കുടിയേറ്റ നയങ്ങള്‍ അതിവേഗം പരിഷ്‌കരിക്കാനുള്ള നീക്കങ്ങളാവും ബൈഡന്റെ ഭാഗത്തുനിന്ന് ഉണ്ടാകുകയെന്നാണു കരുതുന്നത്. ചില ഇസ്ലാമിക രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും ഒഴിവാക്കാന്‍ സാധ്യതയുണ്ട്. അധികാരത്തിലെത്തിയാല്‍ കുടിയേറ്റ നയത്തിനായിരിക്കും മുന്‍ഗണനയെന്ന് ബൈഡന്‍ പ്രചാരണ വേളയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ബൈഡന്റെ നീക്കത്തിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍നിന്ന് ഉള്‍പ്പെടെ അതിശക്തമായ എതിര്‍പ്പ് ഉയരുമെന്ന് ഉറപ്പായിക്കഴിഞ്ഞു.