കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ഇന്ത്യ 32-ാമതു റോഡ് സുരക്ഷാ മാസം ആചരിക്കുന്നു. ഇതിന്റെ ഭാഗമായുള്ള റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടിയായ ‘സഡക്ക് സുരക്ഷാ ജീവന്‍ രക്ഷാ’യ്ക്കു ദേശീയ റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേസ് മന്ത്രാലയം തുടക്കം കുറിച്ചു.അപകട രഹിതമായ സമൂഹത്തെയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. റോഡില്‍ എല്ലാവര്‍ക്കും സുരക്ഷ എന്ന ലക്ഷ്യവുമായി ഹോണ്ട പൗരന്മാരെ ബോധവല്‍ക്കരിക്കും. ഹോണ്ടയുടെ റോഡ് സേഫ്റ്റി ഇ-ഗുരുകുലത്തിലൂടെ ഡിജിറ്റലായും ഓഫ്ലൈന്‍ പരിശീലനത്തിലൂടെയും ഇന്ത്യയൊട്ടാകെ പരിപാടി സംഘടിപ്പിക്കും.
ഹോണ്ടയുടെ 360 ഡിഗ്രി ബോധവല്‍ക്കരണ ദൗത്യത്തിലൂടെ എല്ലാ പ്രായക്കാര്‍ക്കും ആരോഗ്യപരമായ റോഡ് ശീലങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കും. ലേണേഴ്സ് ലൈസന്‍സ് അപേക്ഷകര്‍ക്കും ട്രാഫിക്ക് നിയമ ലംഘകര്‍ക്കും ട്രാഫിക്ക് നിയമങ്ങളെക്കുറിച്ചും റോഡില്‍ പാലിക്കേണ്ട അച്ചടക്കങ്ങളെക്കുറിച്ചും ആറു നഗരങ്ങളിലെ ഹോണ്ട സേഫ്റ്റി ഡ്രൈവിങ് വിദ്യാഭ്യാസ കേന്ദ്രങ്ങളിലൂടെ പരിശീലനം നല്‍കും. 11 നഗരങ്ങളിലുള്ള ഹോണ്ടയുടെ 12 പരിശീലന പാര്‍ക്കുകളിലൂടെ സംസ്ഥാന സര്‍ക്കാരുകളുമായും സ്‌കൂളുകള്‍, കോളജുകള്‍, കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ എന്നിവയുമായും ചേര്‍ന്ന് ഡിജിറ്റല്‍ ബോധവല്‍ക്കരണവും നടത്തും. കൂടാതെ ഹോണ്ടയുടെ 6,300 സെയില്‍സ്, സര്‍വീസ് ഔട്ട്ലെറ്റുകളിലൂടെയും ഇന്ത്യയിലെ 1000ത്തിലധികം പട്ടണങ്ങളിലെ ഹോണ്ട ടൂവിലേഴ്സ് ഉപഭോക്താക്കള്‍ക്ക് ബോധവല്‍ക്കരണം നല്‍കും. 1000ത്തിലധികം വരുന്ന ഡീലര്‍മാര്‍, 17 സോണല്‍ ഓഫീസുകള്‍, 5 മേഖല ഓഫീസുകള്‍, ഹെഡ് ഓഫീസ് തുടങ്ങിയവയിലൂടെ  റോഡ് സേഫ്റ്റി ബോധവല്‍ക്കരണ ക്വിസും സംഘടിപ്പിക്കുന്നുണ്ട്.
റോഡില്‍ എല്ലാവര്‍ക്കും സുരക്ഷ എന്ന ആശയത്തിലൂന്നി കഴിഞ്ഞ 20 വര്‍ഷമായി ഹോണ്ട പ്രവര്‍ത്തിക്കുന്നുവെന്നും ഉത്തരവാദിത്തമുള്ള കോര്‍പറേറ്റ് എന്ന നിലയില്‍ ഇ-ഗുരുകുല്‍ എന്ന ബോധവല്‍ക്കരണ പരിപാടിയിലൂടെ ഹോണ്ട ഇന്ത്യയില്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുവെന്നും എല്ലാത്തരം റോഡ് ഉപയോക്താക്കളെയും നിലവിലുള്ള റൈഡര്‍മാരെയും കുട്ടികളെയും കാല്‍നടക്കാരെയും വരെ ഇതില്‍ പങ്കാളികളാക്കുന്നുവെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ബ്രാന്‍ഡ് ആന്‍ഡ് കമ്യൂണിക്കേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു.