ന്യൂയോർക്ക് ∙ യുഎസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുവാൻ അർഹനല്ലെന്നോ പ്രസിഡന്റിന്റെ കർത്തവ്യം നിർവഹിക്കുവാൻ കഴിവില്ലാത്ത വ്യക്തിയല്ലെന്നോ ബോധ്യമായാൽ സ്ഥാനഭ്രഷ്ഠനാക്കി വൈസ് പ്രസിഡന്റ് പ്രസിഡന്റായി അധികാരമേൽക്കുവാനുള്ള സംവിധാനം ഭരണഘടനയുടെ 25–ാം ഭേദഗതിയിൽ വകയിരുത്തിയിട്ടുണ്ട്. 1963 ൽ പ്രസിഡന്റ് ജോൺ എഫ് കെന്നഡി വധിക്കപ്പെട്ടതിനെ തുടർന്നാണ് ഈ ഭേദഗതിയുടെ ആവശ്യകത നിയമസഭ സാമാജികർക്ക് അനുഭവപ്പെട്ടത്. ഈ ഭരണഘടന ഭേദഗതി 1967 ലാണ് നിയമമായി പ്രാബല്യത്തിൽ വന്നത്.

25–ാം ഭേദഗതി പ്രയോഗത്തിൽ വരുത്തിയാൽ ഉടനെ തന്നെ പ്രാവർത്തികമാകും. പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അധികാരഭ്രഷ്ടനാക്കുവാൻ ഹൗസ് സ്പീക്കർ നാൻസി പെലോസിയും മറ്റ് നേതാക്കളും ആദ്യം ആവശ്യപ്പെട്ടത് 25–ാം ഭേദഗതി പ്രാബല്യത്തിൽ വരുത്തുഎന്നായിരുന്നു. പിന്നീട് പെലോസിയും ഡെമോക്രാറ്റ് നേതാക്കളും ഇംപീച്ച്മെന്റിന് വേണ്ടി വാദിച്ചു. ട്രംപിനെതിരെ ആർട്ടിക്കിൾസ് ഓഫ് ഇംപീച്ച്മെന്റ് തയാറാക്കി നടപടികളുമായി മുന്നോട്ട് പോകാനാണ് പദ്ധതി. ആർട്ടിക്കിൾസ് ഓഫ് ഇംപീച്ച്മെന്റിൽ ആരോപിക്കുന്നത് ട്രംപ് കലാപത്തിന് പ്രേരിപ്പിച്ചു എന്നാണ്. ജനപ്രതിനിധി സഭയിൽ ഇത് പാസ്സാക്കുവാൻ ആവശ്യമായ അംഗബലം (211ന് എതിരെ 222) ഡെമോക്രാറ്റുകൾക്കുണ്ട്.

സഭയിൽ ഇംപീച്ച്മെന്റ് പാസായാൽ രണ്ടുതവണ ഇംപീച്ച് ചെയ്യപ്പെടുന്ന പ്രസിഡന്റായും ട്രംപ് അറിയപ്പെടും. എന്നാൽ സെനറ്റിൽ ഈ പ്രമേയം പാസാവുക വിഷമകരമായേക്കും. സെനറ്റിൽ കേവല ഭൂരിപക്ഷം മതിയാവുകയില്ല. മൂന്നിൽ രണ്ട് (67 പേരുടെ പിന്തുണ) ആവശ്യമാണ്. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇത് അപ്രാപ്യവുമല്ല. ഇംപീച്ച്മെന്റ് രാഷ്ട്രീയ പ്രേരിത നീക്കമാണെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ പറഞ്ഞു. ആഴ്ചകളായി ട്രംപ് നടത്തിയ പ്രസംഗങ്ങളിൽ ആകൃഷ്ടരായി ഹിംസയിലേയ്ക്ക് തിരിഞ്ഞവരാണ് ഏറെയും എന്നാണ് പൊലീസിന്റെ കുറ്റപത്രം. സഭയിലെ ഡെമോക്രാറ്റുകൾ ഒരു ആർട്ടിക്കിൾ ഓഫ് ഇംപീച്ച്മെന്റിനെ എങ്കിലും അനുകൂലിച്ച് വോട്ടു ചെയ്യുമെന്ന് പറഞ്ഞു. മറ്റൊന്ന്, ട്രംപ് സംസ്ഥാന അധികാരികളുടെ മേൽ സമ്മർദ്ദം ചെലുത്തി എന്ന രണ്ടാമത്തെ ആരോപണത്തെയും ഭൂരിപക്ഷം അനുകൂലിക്കാൻ സാധ്യതയുണ്ട്.

ഇംപീച്ച്മെന്റ് നടപടികളുടെ ഭാഗമായി ട്രംപ് 2024 ൽ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മത്സരിക്കുവാനുള്ള സാധ്യത നിഷേധിക്കുന്ന ഒരു ഭാഗം കൂടി ഇംപീച്ച്മെന്റ് ആർട്ടിക്കിളിൽ ചേർത്തിട്ടുണ്ട്. 2024 ൽ താൻ വീണ്ടും മത്സരിക്കുമെന്ന് തന്റെ അനുയായികളോട് ട്രംപ് പറഞ്ഞിട്ടുണ്ട്.

ട്രംപിനെ മാറ്റാൻ മറ്റൊരു നീക്കവും നടക്കുന്നുണ്ട്. കോൺഗ്രസിലെ നോൺ വോട്ടിങ് ഡെലിഗേറ്റായ എലിനർ ഹോംസ് നോർട്ടൺ ഒരു പാർട്ടിയോടും മമതയില്ലാത്ത ഒരു ദ്വിമണ്ഡല സന്ദേശം ഉടനെ തന്നെ നൽകുകയാണ് ആവശ്യം എന്ന് പറഞ്ഞു. പെലോസിയുടെ വക്താവ് അവരുടെ ചിന്തകൾ ഏത് വഴിക്കാണെന്ന് വ്യക്തമാക്കിയില്ല. ഡെമോക്രാറ്റുകൾ രണ്ടു ചേരിയിലാണ്. ഒരു വിഭാഗം ട്രംപിന്റെ മേൽ സമ്മർദ്ദം വർധിപ്പിക്കുവാനുള്ള ശ്രമത്തിലാണ്. മറ്റൊരു വിഭാഗം നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ ആദ്യ 100 ദിവസങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട കാര്യങ്ങൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്നു. ബൈഡന്റെ 100 ദിവസത്തെ അജണ്ട വളരെ വേഗം പ്രാവർത്തികമാക്കുവാൻ ആരംഭിക്കണമെന്ന് ഇവർ പറയുന്നു.

ആർട്ടിക്കിൾസ് ഓഫ് ഇംപീച്ച്മെന്റ് സഭ അംഗീകരിച്ചാൽ ഉടനെ തന്നെ സെനറ്റ് ട്രയലിലേക്ക് നീങ്ങും. പുതിയ സെനറ്റ് മെജോരിറ്റി ലീഡർ ഡെമോക്രാറ്റ് ചക്ക് ഷൂമർ സ്വീകരിക്കുന്ന നിലപാടുകൾ നിർണായകമാവും. ചില റിപ്പബ്ലിക്കൻ സെനറ്റർമാർ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്നത് അനുകൂലിക്കും കഴിഞ്ഞ വർഷം സെനറ്റ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് അനുകൂലിച്ചില്ല. ഇപ്പോൾ എത്ര റിപ്പബ്ലിക്കൻ സെനറ്റർമാരെ തങ്ങൾക്കൊപ്പം ചേർക്കാൻ ഡെമോക്രാറ്റുകൾക്ക് കഴിയുമെന്ന് വ്യക്തമല്ല.

സെനറ്റ് ജനുവരി 19 വരെ സമ്മേളിക്കുകയില്ല– ട്രംപ് അധികാരം ഒഴിയുന്നത് ഇതിന് അടുത്ത ദിവസമാണ്. ഇതിനുശേഷം സെനറ്റ് അംഗബലം 50–50 ആണ്. 100 പേരും വോട്ടു ചെയ്താൽ 67 പേരുടെ പിന്തുണ ഉണ്ടെങ്കിലേ ഇംപീച്ച്മെന്റ് വിജയിക്കും. 17 റിപ്പബ്ലിക്കൻ സെനറ്റർമാരുടെ പിന്തുണ കൂടി ആവശ്യമാണ്. വോട്ടെടുപ്പ് നടക്കുമ്പോഴും ട്രംപ് പ്രസിഡന്റാണെങ്കിൽ സെനറ്റിന്റെ തീരുമാനത്തിൽ ട്രംപിന് സ്ഥാനം ഒഴിയേണ്ടി വരും. സെനറ്റിന് ഒരു പ്രത്യേക വോട്ട് വഴി, കേവല ഭൂരിപക്ഷത്തിലൂടെ ട്രംപിനെ അയോഗ്യനായി പ്രഖ്യാപിക്കേണ്ടി വരും. ഇപ്പോഴത്തെ സെനറ്റ് ഭൂരിപക്ഷ നേതാവ് മിച്ച് മക്കൊണൽ റിപ്പബ്ലിക്കൻ സെനറ്റർമാർക്ക് ഒരു മെമോ അയച്ചു. ഇംപീച്ച്മെന്റ് ട്രയലിനെ കുറിച്ചും. ബൈഡൻ പ്രസിഡന്റാകുന്നതിന് മുൻപ് ഇത് നടക്കുകയില്ല. ഇംപീച്ച്മെന്റ് നടപടികൾ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാലും തുടരാമെന്ന് നിയമ വിദഗ്ധർ പറയുന്നു.

ട്വിറ്റർ ട്രംപിന്റെ സ്വകാര്യ അക്കൗണ്ട് വെള്ളിയാഴ്ച നിരോധിച്ചു. അക്രമം പ്രേരിപ്പിക്കും എന്ന കാരണമാണ് നൽകിയത്. പുതിയ പ്രസിഡന്റ് അധികാരമേൽക്കുന്ന ദിവസം പ്രതിഷേധം നടത്തുമെന്ന് തങ്ങൾ ഭയക്കുന്നതായി ട്വിറ്റർ പറഞ്ഞു. ചൊവ്വാഴ്ച പ്രസിഡന്റ് ട്രംപ് ടെക്സസിലെ അലാമോയിലേയ്ക്കു പോകുമെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. മെക്സിക്കോ അതിർത്തിയിൽ ട്രംപ് ഭരണകൂടം നിർമ്മിക്കുന്ന മതിലിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താനാണ് ട്രംപിന്റെ നേരത്തെ നിശ്ചയിച്ചുറപ്പിച്ച യാത്ര എന്നും വൈറ്റ് ഹൗസ് പറഞ്ഞു.